prakash-javadekar

ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിജപ്പെടുത്തിയുള്ള കരടു വിജ്ഞാപനത്തിന് 67 ദിവസം കൂടി കാലാവധിയുണ്ടാകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. മാർച്ച് 23 മുതൽ മെയ് 31 വരെയുള്ള ലോക്ക്ഡൗൺ കാലാവധി ഒഴിവാക്കിയാണ് കാലാവധി 67 ദിവസം കൂടി നീട്ടുക.

സംസ്ഥാനങ്ങളുമായി നടത്തുന്ന തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പിയുമായുള്ള കൂടിക്കാഴ്‌ചയിൽ കേന്ദ്രമന്ത്രി അറിയിച്ചു.

വനം പരിസ്ഥിതി മന്ത്രാലയങ്ങൾ ഇറക്കിയ കരടു വിജ്ഞാപനങ്ങളിൽ കാർഷികമേഖല അടക്കം ബഫർസോൺ പരിധിയിൽ വന്നത് തിരുത്തണമെന്ന് എം.പിമാരായ ഡീൻ കുര്യാക്കോസും കെ.മുരളീധരനും ആവശ്യപ്പെട്ടു. ഇടുക്കിയിൽ നാലു വില്ലേജുകളിൽ 10000 ഏക്കറിലധികം കൃഷിഭൂമിയും കണ്ണൂർ കോഴിക്കോട് ജില്ലകളിലെ മലബാർ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് ചു​റ്റുമുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൃഷിഭൂമിയും പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചു. മലയാളത്തിൽ വിജ്ഞാപനം ഇറക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.