covid

ന്യൂഡൽഹി: രാജ്യത്തെ പുതിയ കൊവിഡ് ബാധിതരിൽ 75 ശതമാനവും കേരളം ഉൾപ്പെടെയുള്ള പത്തു സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര,കർണാടക,ആന്ധ്ര, യു.പി,തമിഴ്‌നാട്,ഒഡിഷ, ഡൽഹി,പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്‌ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.

അതേസമയം തുടർച്ചയായി ആറാം ദിനവും പ്രതിദിന രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തരുടെ എണ്ണം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 86, 508 പേർ രോഗികളായി. 87,374 പേർ രോഗമുക്തരായി. 1129 മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ രോഗികളുടെ എണ്ണം 58 ലക്ഷവും, മരണം 92000വും പിന്നിട്ടു.

വിജയ്‌കാന്തിന് കൊവിഡ്

തമിഴ് നടനും ഡി.എം.ഡി.കെ അദ്ധ്യക്ഷനുമായ വിജയ്‌കാന്തിന് കൊവിഡ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട് നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവ് കൂടിയാണ് വിജയ്‌കാന്ത്.

 കൊവിഡ് ബാധിച്ച അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി

 മഹാരാഷ്ട്ര നഗരവികസന മന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കൊവിഡ്

 കർണാടകയിലെ കോൺഗ്രസ് എം.എൽ.എ നാരായൺ റാവു (65) കൊവിഡ് ബാധിച്ച് മരിച്ചു.