bihar-election

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കേ,​ ബിഹാറിലെ തിരഞ്ഞെടുപ്പ് ഗോദയിൽ പോരാളികൾ സർവ സജ്ജം.

അധികാരമുള്ളവർക്കും ശക്തർക്കുമൊപ്പം നിൽക്കുകയെന്ന തത്വം യാഥാർത്ഥ്യമാക്കി ഉടക്കിമാറിയവരെല്ലാം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിലേക്ക് മടങ്ങിയെത്തുന്ന 'രാഷ്ട്രീയ മലക്കം മറിച്ചിലാണ്' ബിഹാറിലെ നിലവിലെ ട്രെൻഡ്.

2015ൽ കോൺഗ്രസിനും ആർ.ജെ.ഡിക്കുമൊപ്പം നിന്ന് മുഖ്യ എതിരാളിയായ ബി.ജെ.പി തോൽപ്പിച്ച് അധികാരത്തിലേറിയ എൻ.ഡി.യു നേതാവ് നിതീഷ് കുമാർ, 2017ൽ മഹാസഖ്യത്തെ ഉപേക്ഷിച്ച് എൻ.ഡി.എയിലേക്ക് തിരിച്ചെത്തിയതോടെ ബിഹാർ രാഷ്‌ട്രീയം മലക്കം മറിഞ്ഞു.

ജനപ്രിയ മുഖ്യമന്ത്രിയെന്ന വിശേഷണമുള്ള കുർമി വിഭാഗത്തിന്റെ പ്രതിനിധിയായ നിതീഷ് കുമാറിനെയും ജെ.ഡി.യുവിനെയും മുന്നിൽ നിറുത്തി സവർണ, ദളിത് വോട്ട് ബാങ്കുകളുടെ പിന്തുണ ലക്ഷ്യമിട്ടാണ് എൻ.ഡി.എ വീണ്ടും അങ്കത്തട്ടിലിറങ്ങുന്നത്.
ദളിത് നേതാവ് ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യാത്യാസം മറന്ന് തിരിച്ചെത്തി.

രാഷ്‌ട്രീയ ലോക് സമതാപാർട്ടി നേതാവ് ഉപേന്ദ്ര കുശ്‌വാഹയും മുന്നണിയിലേക്ക് ഉറ്റു നോക്കുന്നു. ജിതിൻ മാഞ്ചിയുടെ തിരിച്ചുവരവിൽ മുന്നണിയിലെ മറ്റൊരു ദളിത് നേതാവുമായ രാംവിലാസ് പാസ്വാന് (എൽ.ജെ.പി) അതൃപ്‌തിയുള്ളതായി സൂചനയുണ്ട്. പാർട്ടികളുടെ എണ്ണം കൂടുമ്പോൾ 2015നെ അപേക്ഷിച്ച് സീറ്റ് വിഭജനവും ബി.ജെ.പിക്ക് തലവേദനയാകും.

നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട നിതീഷ് കുമാറായിരുന്നു 2015 തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർ.ജെ.ഡിയും അടങ്ങിയ മഹാസഖ്യത്തിന്റെ ശക്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ നരേന്ദ്രമോദിക്കും അമിത് ഷായ്‌ക്കും നിതീഷ് കുമാറിന്റെ ജനപ്രിയത തിരിച്ചടിയായി. അന്ന് ആർ.ജെ.ഡി

(80), കോൺഗ്രസ് (27) പാർട്ടികളും നേട്ടമുണ്ടാക്കി.

ലാലുപ്രസാദില്ല

മുൻ മുഖ്യമന്ത്രിയും ബിഹാർ രാഷ്‌ട്രീയത്തിലെ അതികായനുമായ ലാലു പ്രസാദ് യാദവ് ഇല്ലാത്ത മറ്റൊരു തിരഞ്ഞെടുപ്പാണിത്. ജയിലിലായ ലാലുവിന്റെ അസാന്നിദ്ധ്യത്തിൽ മകൻ തേജസ്വി യാദവിനിത് നിലനിൽപ്പിനുള്ള പോരാട്ടം. ദേശീയ തലത്തിൽ തകർന്നടിഞ്ഞ കോൺഗ്രസ് 2015ലെ സീറ്റുകൾ നിലനിറുത്താനാകും ശ്രമിക്കുക. രാജേഷ് രഞ്ജൻ എന്ന പപ്പുയാദവിന്റെ ജൻ അധികാർ പാർട്ടിയും മുകേഷ് സാഹ്‌നിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടികളും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും.

നിലവിലെ കക്ഷി നില(ആകെ സീറ്റ് 243)

ജെ.ഡി.യു: 71

ബി.ജെ.പി: 53

ആർ.ജെ.ഡി: 80

കോൺഗ്രസ്: 27

മറ്റുള്ളവർ: 12

ബിഹാർ: ആകെ സീറ്റ് 243

നിലവിലെ സഭയുടെ കാലാവധി: നവംബർ 29 വരെ

വോട്ടർമാർ: 7,29, 27,396

ഒന്നാം ഘട്ട വോട്ടെടുപ്പ്: 28 ന്

16 ജില്ലകളിലെ 71 സീറ്റുകൾ (മാവോയിസ്‌റ്റ് മേഖല)

രണ്ടാം ഘട്ടം: നവംബർ 3

17 ജില്ലകളിലെ 94 സീറ്റുകൾ

മൂന്നാം ഘട്ടം: നവംബർ 7

15 ജില്ലകളിലെ 78 സീറ്റുകൾ