ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി മറികടക്കാൻ ഇ.പി.എഫ്.ഒ ചട്ടങ്ങളിൽ ഭേദഗതിക്ക് നീക്കം നടത്തുന്നതായി സൂചന. പാർലമെന്റിൽ പാസാക്കിയ തൊഴിൽ കോഡ് നിയമത്തിന്റെ ചുവട് പിടിച്ചായിരിക്കും ഭേദഗതി.
കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അധിക പെൻഷൻ ആവശ്യപ്പെട്ടുള്ള അപേക്ഷകൾ പരിഗണിക്കേണ്ടെന്ന് സോണൽ, മേഖലാ മേധാവികൾക്ക് ഇ.പി.എഫ്.ഒ വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
തൊഴിൽ കോഡിലെ ഭേദഗതി വഴിയോ, ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ പുതിയ ചട്ടങ്ങളുണ്ടാക്കിയോ കോടതി വിധി മറികടക്കാനാണ് നീക്കം.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന് 2018ലാണ് കേരള ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ ഇ.പി.എഫ്.ഒ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രാലയവും നൽകിയ പുന:പരിശോധനാ ഹർജി കോടതി പരിഗണിച്ചിട്ടില്ല.
അതേസമയം കേരളഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സ്വന്തം നിലയ്‌ക്ക് കോടതിയെ സമീപിക്കുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിച്ചിരുന്നു. ഇങ്ങനെയുള്ള അപേക്ഷകരെയും മടക്കി അയ്‌ക്കാനാണ് നിർദ്ദേശം. ചട്ടങ്ങൾ മാറ്റുന്നതുവരെ കേസിലൂടെ ആനുകൂല്യം ലഭിച്ചവരുടെ ഫയലുകൾ തടഞ്ഞുവയ്‌ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പുതിയ അംഗങ്ങൾക്ക് കൂടുതൽ ശമ്പളവിഹിതം അടച്ചാൽ കൂടുതൽ പെൻഷൻ ലഭിക്കുന്ന വിധത്തിൽ ഇ.പി.എഫ് പെൻഷൻ നിയമത്തിൽ ഭേദഗതി പരിഗണനയിലുണ്ടെങ്കിലും ട്രസ്‌റ്റിബോർഡിൽ തീരുമാനമാകാതെ നീട്ടുകയായിരുന്നു.
തൊഴിൽ കോഡിൽ ഇ.പി.എഫ് പെൻഷനുകളെക്കുറിച്ച് പറയുന്ന ഭാഗത്ത് ഭേദഗതികൾ വരാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യം തൊഴിൽ മന്ത്രി സൂചിപ്പിച്ചിരുന്നു. കോടതിയിൽ കേസു വന്നപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ജുഡീഷ്യറിയുടെ തീരുമാനത്തെ എതിർക്കാനുള്ള ബുദ്ധിപരായ നീക്കവും ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നു.-
എൻ.കെ.പ്രേമചന്ദ്രൻ എംപി