covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം 50 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93,420 പേർ രോഗവിമുക്തരായി. ആകെ രോഗമുക്തർ 48,49,584 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 82.14 ശതമാനം. സജീവ കേസുകളേക്കാൾ അഞ്ചു മടങ്ങാണ് രോഗമുക്തി. ആകെ രോഗികളിൽ 16.28ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 85,362 പേർക്ക് പുതിയതായി രോഗം ബാധിച്ചു. 1,089 പേർ മരിച്ചു. പുതിയ കേസുകളിൽ 75 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലാണ് . മഹാരാഷ്ട്ര, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പുതിയ രോഗികൾ.

അതേസമയം, ഇന്ത്യയുടെ പ്രതിദിന പരിശോധനാശേഷി 14 ലക്ഷത്തോളമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,41,535 പരിശോധനകൾ നടത്തി. മൊത്തം പരിശോധനകൾ 7 കോടി (7,02,69,975) കടന്നു.

 രാജ്യത്തെ രോഗികളുടെ എണ്ണം 59 ലക്ഷവും മരണം 94000വും പിന്നിട്ടു

 ജാ‌ർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുലാൽ മറാണ്ടിയ്ക്ക് കൊവിഡ്.

 കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലുള്ള ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്ലാസ്മ തെറാപ്പിക്ക് വിധേയനായി

 ഹിമാചലിൽ ഒരു കോൺഗ്രസ് എം.എൽ.എയ്ക്ക് കൊവിഡ്

 കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയുടെ ആരോഗ്യനില വിലയിരുത്താൻ എയിംസിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം അസമിലെത്തും