ന്യൂഡൽഹി: ജി.എസ്.ടി സെസ് ഇനത്തിൽ ലഭിച്ച 47,272 കോടി രൂപ സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരമായി നൽകാതെ മാറ്റിവച്ചെന്ന സി.എ.ജി റിപ്പോർട്ടിലെ ആരോപണം കേന്ദ്ര ധനമന്ത്രാലയം തള്ളി. ഫണ്ട് തത്‌ക്കാലം മാറ്റിവയ്‌ക്കുന്നത് തെറ്റല്ലെന്നാണ് വിശദീകരണം. 2017-18, 2018-19 വർഷത്തെ നഷ്‌ടപരിഹാര കുടിശ്ശിക മുഴുവൻ നൽകിയിട്ടുണ്ടെന്നും അതിൽ വന്ന നേരിയ കാലതാമസം പണം വകമാറ്റിയതു കൊണ്ടാണെന്ന കണ്ടെത്തൽ ശരിയല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്‌ടപരിഹാരമായി നൽകേണ്ട തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ നോൺ ലാപ്‌സബിൾ ജി.എസ്.ടി നഷ്‌ടപരിഹാര ഫണ്ട് ആയി നിക്ഷേപിക്കണമായിരുന്നു. എന്നാൽ ഈ തുക കൺസോളിഡേറ്റഡ് ഫണ്ടിൽ നിലനിറുത്തി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് പാർലമെന്റിൽ വച്ച സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ.
2018-19 ബഡ്‌ജറ്റിൽ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്‌ടപരിഹാരമായി 90,000 കോടി വകിയിരുത്തിയിരുന്നു. സെസ് 95,000 കോടി ലഭിച്ചു. പക്ഷേ റവന്യൂ വകുപ്പ് ഫണ്ടിലേക്ക് മാറ്റിയത് 54,275 കോടി മാത്രം. നേരത്തെയുണ്ടായിരുന്ന 15,000 കോടി അടക്കം 69,275 കോടിയാണ് നഷ്‌ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകിയതെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. റോഡ് സെസ്, ഇൻഫ്രാസ്ട്രക്‌ചർ സെസ്, ഇന്ധന സെസ്, യൂണിവേഴ്സൽ സർവീസ് ലെവി, നാഷണൽ മിനറൽ സെസ് ലെവി എന്നിവയും ഉപഭോക്താക്കളിൽ നിന്ന് പിടിച്ച ശേഷം അതത് റിസർവ് ഫണ്ടിലേക്ക് മാറ്റാതെ ക്രമക്കേടു കാട്ടിയതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.