jaswanth-singh

ന്യൂഡൽഹി: വാജ്‌പേയി-അദ്വാനി കാലഘട്ടത്തിൽ പാർട്ടിയിലും സർക്കാരിലും ട്രബിൾ ഷൂട്ടറും കണ്ഡഹാർപോലുള്ള വിവാദങ്ങളിൽ ബലിയാടുമായിരുന്നു ജസ്വന്ത് സിംഗ്. അഭിപ്രായങ്ങൾ തുറന്നുപറയുന്ന പ്രകൃതവും തിരിച്ചടിയായി.

രാജസ്ഥാനിലെ രജ്‌പുത് കുടുംബത്തിൽ ജനനം. കോളേജ് പഠനം കഴിഞ്ഞ് 19-ാം വയസിൽ സൈന്യത്തിലേക്ക്. ഹോഴ്സ് റെജിമെന്റിലെ ഓഫീസർ ജോലി ഉപേക്ഷിച്ച് 1965ൽ രാഷ്‌ട്രീയത്തിലേക്ക്. രാജസ്ഥാനിലെ ഓസിയാനിൽ സ്വതന്ത്രനായി മത്സരിച്ച് തുടക്കം. സംഘ പശ്‌ചാത്തലമില്ലാതിരുന്നിട്ടും വാജ്‌പേയിയുടെ സ്വാധീനത്താൽ ജനസംഘത്തിൽ. ജനസംഘത്തിൽ നിന്ന് ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിലൊരാളായി. നാലു തവണ ലോക്‌സഭയിൽ. അഞ്ചു തവണ രാജ്യസഭയിലും. ദേശീയ രാഷ്‌ട്രീയത്തിൽ ശ്രദ്ധ നേടി.

സാഹിത്യം, വിദേശരംഗം, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളിലെ പാണ്ഡിത്യം വാജ്‌പേയിയുടെ ഇഷ്‌ടക്കാരനാക്കി. വാജ്‌പേയിയുടെ 'ഹനുമാൻ' എന്ന് വിശേഷണം. ധനകാര്യം, പ്രതിരോധം, വിദേശകാര്യ വകപ്പുകളുടെ മന്ത്രിയായി. അടുപ്പമുള്ളവർ ജസു എന്നു വിളിച്ചു.

1998ലെ ആണവ പരീക്ഷണത്തിനെതിരെ അമേരിക്കയുടെ ഉപരോധങ്ങൾ നീക്കാൻ സന്ധിയുണ്ടാക്കുന്നതിൽ നിർണായക പങ്ക്. യു. എസ് സ്‌റ്റേറ്റ് സെക്രട്ടറി മാഡ്‌ലിൻ ആൽബ്രൈറ്റുമായുള്ള സൗഹൃദം പ്രയോജനപ്പെട്ടു. 1999ൽ ഭീകരർ ബന്ദികളാക്കിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ 190 യാത്രക്കാരെ രക്ഷിക്കാൻ മസൂദ് അസർ എന്ന പാക് ഭീകരനെ ജയിലിൽ നിന്ന് മോചിപ്പിച്ച് വിമാനത്തിൽ അഫ്ഗാനിസ്ഥാനിലെ കണ്ഡഹാർ വരെ അനുഗമിച്ച സംഭവത്തിന്റെ വിമർശനം ഏറ്റുവാങ്ങി.

2004-2008 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. പിന്നീട് കഷ്‌ടകാലം. 2009രാജസ്ഥാനിൽ നിന്ന് ഡാർജിലിംഗ് മണ്ഡലത്തിലേക്ക് മാറ്റം. പാക് രാഷ്‌ട്രപിതാവ് ജിന്നയെ പ്രകീർത്തിച്ച പുസ്‌തകം വിവാദത്തിൽ. അദ്വാനിയും മറ്റും കൈവിട്ടതോടെ പാർട്ടിയിൽ നിന്ന് പുറത്തേക്ക്. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കാൻ വാജ്‌പേയി ആഗ്രഹിച്ചിരുന്നതായുള്ള വെളിപ്പെടുത്തലും വല്ലഭായ് പട്ടേലിനെക്കുറിച്ചുള്ള പരാമർശങ്ങളും ചൂണ്ടിക്കാട്ടി പുസ്‌തകം ഗുജറാത്തിൽ നിരോധിച്ചു. 2010ൽ പാർട്ടിയിൽ തിരിച്ചുകയറിയ ശേഷം 2012ൽ എൻ.ഡി.എയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ ഹമീദ് അൻസാരിയോട് തോറ്റു.

രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ താത്പര്യത്തിന് വഴങ്ങി നേതൃത്വം 2014 തിരഞ്ഞെടുപ്പിൽ സ്വദേശമായ ബാർമർ മണ്ഡലത്തിൽ സീറ്റു നിഷേധിച്ചു. പാർട്ടിയിൽ നിന്ന് വീണ്ടും പുറത്തേക്ക്. സ്വതന്ത്രനായി മത്സരിച്ച് നാലുലക്ഷത്തിൽ പരം വോട്ടു നേടിയെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയോട് തോറ്റു. 2014 ആഗസ്‌റ്റിൽ കുളിമുറിയിലെ വീഴ്‌ചയും പക്ഷാഘാതവും കിടപ്പിലാക്കി. അതോടെ രാഷ്‌ട്രീയ വിസ്‌മ‌ൃതിയിലേക്ക്...