ന്യൂഡൽഹി: സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കർഷകർക്ക് പ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപകമായി കർഷക പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദി കർഷകരെ പുകഴ്ത്തിയത്. കർഷക പ്രക്ഷോഭങ്ങളെ കുറിച്ച് മിണ്ടിയില്ല. കൊവിഡ് കാലത്തും കാർഷിക മേഖല പ്രതിരോധിച്ച് നിന്നത് കർഷകരുടെ ശക്തിയിലാണ്.
കർഷകർ ശക്തരാണെങ്കിൽ രാജ്യവും ശക്തമാകും. കാർഷിക ബില്ലുകളിലൂടെ കർഷകരെ ശക്തിപ്പെടുത്തുകയാണ്. തങ്ങളുടെ ഉൽപ്പന്നം ആർക്കും എവിടെയും വിൽക്കാൻ ബില്ലുകൾ സ്വാതന്ത്ര്യം നൽകുന്നു. ഉയർന്ന വില നൽകുന്നവർക്ക് വിൽക്കാം. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യയുടെ വർദ്ധിച്ച നേട്ടം കർഷകർക്ക് ഉണ്ടാകും.
കോൺഗ്രസിനെ മോദി പരോക്ഷമായി വിമർശിച്ചു. ഗാന്ധിജിയുടെ കർഷക കേന്ദ്രീകൃത സാമ്പത്തിക നയങ്ങൾ പിന്തുടർന്നിരുന്നെങ്കിൽ കേന്ദ്രം ഇപ്പോൾ കൊണ്ടുവന്ന ആത്മനിർഭർ ഭാരത് പദ്ധതി വേണ്ടിവരില്ലായിരുന്നു. ഇന്ത്യ എന്നേ സ്വയംപര്യാപ്തമാകുമായിരുന്നു.
ഇന്ത്യൻ സംസ്കാരത്തിൽ നാടോടിക്കഥകൾക്കുള്ള പ്രാധാന്യം മോദി എടുത്തുപറഞ്ഞു. മഹാമാരിയുടെ കാലത്ത് കഥകൾ കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. മഹാമാരിയിൽ ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. സാമൂഹിക അകലം പാലിക്കൽ വളരെ പ്രധാനമാണെന്ന് മോദി ആവർത്തിച്ചു.
പ്രതിഷേധം അവഗണിച്ച് കർഷക ബില്ലുകളിൽ ഒപ്പിട്ട് രാഷ്ട്രപതി
ന്യൂഡൽഹി: പഞ്ചാബും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളിൽ കർഷക പ്രതിഷേധം രൂക്ഷമായി തുടരുന്നതിനിടെ, പാർലമെന്റ് പാസാക്കിയ മൂന്ന് വിവാദ കാർഷിക ബില്ലുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ബില്ല് മടക്കി അയയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് രാഷ്ട്രപതി ഒപ്പിട്ടത്.
ഒരു രാജ്യം, ഒരു കാർഷിക മാർക്കറ്റ് ഉറപ്പാക്കാൻ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന ദി ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആന്റ് ഫാം സർവീസ്, ധാന്യങ്ങൾ, പയറുവർഗങ്ങൾ,എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ അവശ്യസാധന ഭേദഗതി ബിൽ എന്നിവയാണ് ഇതോെടെ നിയമമായത്. ജൂണിൽ പുറത്തിറക്കിയ ഓർഡിനൻസുകൾക്ക് പകരമായാണ് ബില്ലുകൾ കൊണ്ടുവന്നത്.
വിത്ത് വിതയ്ക്കുമ്പോൾ വിളകളുടെ വില നിർണയിക്കുകയും ഉത്പാദകർ, സംഭരിക്കുന്നവർ, ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരുമായി കർഷകർക്ക് നേരിട്ട് ഇടപാട് നടത്താനും സാദ്ധ്യത തുറന്നിട്ടുണ്ടെങ്കിലും വിളകളുടെ താങ്ങുവിലയെക്കുറിച്ച് ബില്ല് മൗനം പാലിക്കുകയാണ്. ഭാവിയിൽ താങ്ങുവില ഇല്ലാതായേക്കുമെന്നാണ് കർഷകരുടെ പ്രധാന ആശങ്ക.
താങ്ങുവില ഇല്ലാതാക്കി, വൻകിട കോർപറേറ്റുകൾക്ക് കരാർ കൃഷിക്ക് വഴിയൊരുക്കുന്നതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഉയർത്തിയ കടുത്ത പ്രതിഷേധം മറികടന്നാണ് കേന്ദ്രം ബില്ലുകൾ പാസാക്കിയത്. ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ ഭരണമുന്നണിയായ എൻ.ഡി.എ വിട്ടു. പാർട്ടിയുടെ ഏക കേന്ദ്രമന്ത്രി സ്ഥാനം ഹർസീമ്രത് കൗർ രാജിവയ്ക്കുകയും ചെയ്തിരുന്നു. രാജ്യസഭയിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും അത് അനുവദിക്കാതെ ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. ചട്ട ലംഘനം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം , കർഷക വിരുദ്ധമായ ബില്ലിൽ ഒപ്പിടരുതെന്നും വീണ്ടും പരിഗണിക്കാനായി പാർലമെന്റിലേക്ക് മടക്കി അയക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കണ്ടിരുന്നു.
കാർഷിക ബിൽ: രാഷ്ട്രപതി ഒപ്പിട്ടത് 24ന്
ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടത് ബില്ലുകൾ മടക്കി അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെ.
ദി ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബില്ലുകൾ സെപ്തംബർ 24നും അവശ്യസാധന ഭേദഗതി ബിൽ 26നുമാണ് രാഷ്ട്രപതി ഒപ്പിട്ടത്.
നിയമവിരുദ്ധമായി പാസാക്കിയ കാർഷികബില്ലുകൾ ഭരണഘടനയുടെ111–-ാം വകുപ്പ് പ്രകാരം രാജ്യസഭ വീണ്ടും പരിഗണിക്കാൻ മടക്കി അയയ്ക്കണമെന്ന ആവശ്യവുമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് 23ന് രാഷ്ട്രപതിയെ കണ്ടു. വിവിധ പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട നിവേദനം ഗുലാം നബി രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ രാഷ്ട്രപതി ബില്ലുകളിൽ ഒപ്പിടുകയായിരുന്നു. ഇന്നലെയാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.
ആദ്യത്തെ രണ്ടുബില്ലുകൾ സെപ്തംബർ 20നും അവശ്യസാധനഭേദഗതി ബില്ല് 22നും പാസായി. ബില്ലുകൾക്കെതിരെ 25ന് കർഷക സംഘടനകൾ രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.