ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ സംഘർഷം നിലനിൽക്കേ, ശീതകാല വെല്ലുവിളികൾ മറികടക്കാൻ കിഴക്കൻ ലഡാക്കിൽ ഇന്ത്യ കൂടുതൽ ടാങ്കുകൾ വിന്യസിച്ചു. ഇതിന്റെ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടു.
ലഡാക്കിലെ ചുമാർ - ഡെംചോക്ക് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ടി 90, ടി 72 ടാങ്കുകളും ബി.എം.പി- 2 ഇൻഫൻട്രി കോംബാറ്റ് വെഹിക്കിളുകളുമാണ് പുതുതായി വിന്യസിച്ചത്. മൈനസ് 40 ഡിഗ്രി സെൽഷ്യസ് തണുപ്പിലും ഇവ പ്രവർത്തിക്കും. മൈനസ് 10 ഡിഗ്രി വരെയാണ് ഇപ്പോൾ രാത്രി താപനില. സൈനികർക്ക് കടുത്ത ശൈത്യത്തെ മറികടക്കാനുള്ള സൗകര്യങ്ങളുള്ള ടെന്റുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
ഇന്ത്യൻ കരസേനയുടെ ഫയർ ആൻഡ് ഫ്യൂറി കോർ ഇത്രയും ദുർഘടമായ ഭൂപ്രദേശത്തെ ഏക യന്ത്രവൽകൃത സേനാ വിന്യാസമാണെന്ന് മേജർ ജനറൽ അരവിന്ദ് കപൂർ പറഞ്ഞു. ഇത്തരം മേഖലകളിൽ ടാങ്കുകൾ, യുദ്ധവാഹനങ്ങൾ, വലിയ തോക്കുകൾ എന്നിവ പരിപാലിക്കൽ വലിയ വെല്ലുവിളിയാണെന്നും അത് മറികടക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് അതിക്രമത്തെ തുടർന്ന് മാസങ്ങളായി തുടരുന്ന സംഘർഷം പരിഹരിക്കാൻ ഉന്നതതല ചർച്ചകൾ നടക്കുകയാണ്. സേനാപിന്മാറ്റത്തിന് ധാരണയുണ്ടാകും വരെ യഥാർത്ഥ നിയന്ത്രണരേഖയിൽ തുടരുമെന്ന് കരസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയും വൻതോതിൽ ആയുധവിന്യാസം നടത്തിയിട്ടുണ്ട്.
അതേസമയം സൈനിക, നയതന്ത്രതലങ്ങളിൽ ചൈനയുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സങ്കീർണ്ണമായ സ്ഥിതിയാണ് അതിർത്തിയിലെന്നും അദ്ദേഹം പറഞ്ഞു.