farm-bill

ന്യൂഡൽഹി: കർഷക ബില്ലുകൾക്കെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹി ഇന്ത്യാ ഗേറ്റിന് സമീപം അതീവ സുരക്ഷാമേഖലയിൽ ട്രാക്‌റ്റർ കത്തിച്ചു. ഇന്നലെ രാവിലെ 7.15ഒാടെയായിരുന്നു സംഭവം. പിന്നാലെ പൊലീസ് എത്തി അവശിഷ്‌ടങ്ങൾ നീക്കം ചെയ്ത് മേഖലയിൽ കനത്ത കാവേലേർപ്പെടുത്തി.

ഡൽഹിയിൽ ഇതാദ്യമായാണ് കർഷക ബില്ലിനെതിരെ പ്രതിഷേധം നടക്കുന്നത്.

20ഒാളം പ്രവർത്തകർ ചേർന്ന് ട്രക്കിൽ കൊണ്ടുവന്ന ട്രാക്‌റ്റർ ഇന്ത്യാ ഗേറ്റിന് മുന്നിൽ ജൻപഥ്, മാൻസിംഗ് റോഡുകൾ കടന്നുപോകുന്ന ഭാഗത്ത് ഇറക്കി വച്ച് വയ്‌ക്കോലും മറ്റും മൂടി തീ കൊളുത്തുകയായിരുന്നു. പഞ്ചാബിൽ നിന്ന് വന്ന പ്രവർത്തകർ ചുറ്റും നിന്ന് ഭഗത് സിംഗ് അനുകൂല മുദ്രാവാക്യവും വിളിച്ചു. അപ്രതീക്ഷിത സംഭവം തടയാൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട്, അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്‌തു.

ട്രാക്‌റ്റർ കത്തിക്കൽ പ്രതീകാത്മക സമരമാണെന്ന് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പഞ്ചാബ് യൂത്ത്കോൺഗ്രസ് അദ്ധ്യക്ഷൻ ബ്രിന്ദർ ധില്ലൻ ട്വിറ്ററിൽ പറഞ്ഞു. തങ്ങൾ സർക്കാരിന്റെ ഭാഗമല്ല. അതിനാൽ തെരുവിൽ പൊരുതുകയല്ലാതെ മാർഗമില്ലെന്നും ധില്ലൻ പറഞ്ഞു.

കർണാടകയിൽ ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു. കോൺഗ്രസും ബന്ദിന് പിന്തുണ നൽകി. പഞ്ചാബ്, ഹരിയാന, യു.പി. തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുകയാണ്.

 സുപ്രീം കോടതിയിലേക്കെന്ന് പഞ്ചാബ്

സംഭവം ജനങ്ങളുടെ അമർഷമാണ് പ്രതിഫലിപ്പിക്കുന്നതെന്നും സംസ്ഥാന സർക്കാർ ബില്ലുകൾക്കെതിരെ സുപ്രീംകോടതിയിൽ കേസിന് പോകുമെന്നും പഞ്ചാഞ്ച് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. ബില്ലുകൾക്കെതിരെ ഭഗത് സിംഗിന്റെ ജന്മനാടായ ഖഡ്കർ കലനിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലുകൾ മൂലം കർഷകർ ആശയക്കുഴപ്പത്തിലാണെന്നും പാക് ചാര സംഘടനായ ഐ.എസ്.ഐ ഈ സാഹചര്യം മുതലെടുക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെറും നാടകം

കോൺഗ്രസിന്റേത് വെറും നാടകമാണ്. ഇത്തരത്തിലുള്ള നിലപാടുകൾ മൂലമാണ് അവരെ ജനങ്ങൾ വോട്ടു ചെയ്‌ത് പുറത്താക്കിയത്.

- കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ