rupesh-kumar

ന്യൂഡൽഹി: ഷേവ് ചെയ്തതിന്റെ ബാക്കി ഇരുപത് രൂപ നൽകിയില്ലെന്നാരോപിച്ച് യുവാവിനെ ബാർബർ ഷോപ്പ് ഉടമയും സഹോദരനും അടിച്ചുകൊന്നു. 13 വയസുള്ള മകൻ നോക്കിനിൽക്കെയാണ് ഈ അരുംകൊല.

വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ആളുകൾ നോക്കി നിൽക്കെയാണ് സംഭവം നടന്നത്. 38കാരനായ രൂപേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബാർബർ ഷോപ്പ് ഉടമ സന്തോഷ്, സരോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ടുനിന്നവരിൽ ഒരാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായി. ഷേവ് ചെയ്തതിന് 50 രൂപ ആവശ്യപ്പെട്ടു. രൂപേഷ് 30 രൂപ നൽകി. ബാക്കി തുക അടുത്ത ദിവസം നൽകാമെന്നും പറഞ്ഞു. എന്നാൽ മുഴുവൻ പൈസയും വേണമെന്ന് ബാർബർഷോപ്പ് ഉടമ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെ പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് രൂപേഷിനെ അടിക്കുകയായിരുന്നു. അച്ഛനെ മർദ്ധിക്കരുതെന്ന് മകൻ കരഞ്ഞ് അപേക്ഷിച്ചെങ്കിലും അടി തുടരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടി.