co

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം ലക്ഷത്തിലേക്ക് അടുക്കുന്നു. ആകെ മരണം 97,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 776 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇവയിൽ 78 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നാണ്. ഇതിൽ 23ശതമാനവും മഹാരാഷ്ട്രയിലാണ്.

അതേസമയം രാജ്യത്ത് ഒരു കൊവിഡ് മരണം പോലും റിപ്പോ‌ർട്ട് ചെയ്യപ്പെടാത്ത ഏക സംസ്ഥാനം മിസോറാമാണ്. ഇവിടെ ഇതുവരെ 1958 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 36000. ആന്ധ്രയിൽ ആറായിരത്തിലേക്കും തമിഴ്‌നാട്ടിൽ പതിനായിരത്തിലേക്കും കർണാടകയിൽ ഒൻപതിനായിരത്തിലേക്കും അടത്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 62 ലക്ഷം പിന്നിട്ടെങ്കിലും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ മാത്രമാണ് ഒരു കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെടാത്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. പുതിയ കേസുകളിൽ 73 ശതമാനവും കേരളം ഉൾപ്പെടെ പത്ത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. അതേസമയം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 83 ശതമാനം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,877 പേർക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തർ 51 ലക്ഷം കടന്നു.

പുതുതായി രോഗമുക്തരായവരിൽ 73 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, ഒഡിഷ, കേരളം, പശ്ചിമ ബംഗാൾ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്.

രോഗമുക്തി നേടിയവരും നിലവിൽ രോഗബാധിതരായവരും തമ്മിലുള്ള അന്തരം 41.5 ലക്ഷത്തിലധികമായി ഉയർന്നു. സുഖംപ്രാപിച്ചവരുടെ എണ്ണം നിലവിൽ ചികിത്സയിലുള്ളവരുടെതിനെക്കാൾ 5.38 മടങ്ങ്കൂടുതലാണ്. സജീവ രോഗികൾ ആകെ രോഗബാധിതരുടെ15.42 ശതമാനം മാത്രമാണ്.