ന്യൂഡൽഹി:സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർത്തോമൻ പള്ളി ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുനൽകരുതെന്നും തുടർന്നും തങ്ങൾക്ക് ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചാണ് ഹൈക്കോടതി വിധി ശരിവച്ച് യാക്കോബായ സഭയുടെ ആവശ്യം തള്ളിയത്. ഹരീഷ് സാൽവെ യാക്കോബായ സഭയ്ക്ക് വേണ്ടിയും സി.യു. സിംഗ്, കൃഷ്ണൻ വേണുഗോപാൽ, ഇ.എം.എസ്.അനാൻ എന്നിവർ ഓർത്തഡോക്‌സിന് വേണ്ടിയും ഹാജരായി.
മുളന്തുരുത്തി പള്ളി പൂട്ടി താക്കോൽ എറണാകുളം ജില്ലാ കളക്‌ടർ സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പള്ളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഇത് അനുസരിച്ച് ആഗസ്റ്റ് 17ന് പള്ളി പൂട്ടി താക്കോൽ കളക്ടർ സൂക്ഷിക്കുകയാണ്.