map

ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച് 1959ലുണ്ടാക്കിയ ധാരണകളാണ് നിലനിൽക്കുകയെന്ന ചൈനീസ് വാദം തള്ളി ഇന്ത്യ. വടക്കൻ ലഡാക്കിൽ നടത്തിയ കടന്നുകയറ്റങ്ങൾ ന്യായീകരിച്ചുകൊണ്ടാണ് ചൈന പുതിയ വാദങ്ങളുമായി രംഗത്തു വന്നത്. ഉഭയകക്ഷി ഉടമ്പടികളിൽ ചൈനയുണ്ടാക്കിയ ധാരണകൾക്ക് വിരുദ്ധമാണിതെന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ‌്റുവും ചൈനീസ് പ്രധാനമന്ത്രി ചൗവൻലായും 1959 നവംബർ 7നുണ്ടാക്കിയ ധാരണകൾ പ്രകാരമുള്ള നിയന്ത്രണ രേഖയാണ് തങ്ങൾ അംഗീകരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ധാരണകൾ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും നിലപാടുകൾ വ്യക്തമാണെന്നും ശ്രീവാസ്‌തവ പറഞ്ഞു.

അതേസമയം 1993, 1996, 2005 വർഷങ്ങളിലുണ്ടാക്കിയ ഉടമ്പടികളിൽ നിയന്ത്രണ രേഖ സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണകളുണ്ടാക്കിയിരുന്നു. ഈ കരാറുകൾ അംഗീകരിക്കുമെന്ന് ചർച്ചകളിൽ ചൈനീസ് പക്ഷം ഉറപ്പു തന്നിട്ടുള്ളതുമാണ്. അതിനു ശേഷം അവർ കടന്നുകയറ്റ ശ്രമങ്ങൾ തുടരുകയുമാണ്.