ന്യൂഡൽഹി: യുദ്ധമുണ്ടാകാനുള്ള സാദ്ധ്യത കുറവാണെങ്കിലും അതിർത്തി അസ്വസ്ഥമാണെന്ന് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ. സേന ഏതു വെല്ലുവിളി നേരിടാനും തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു.
വടക്കൻ ലഡാക്ക് അതിർത്തിയിൽ യുദ്ധവും സമാധാനവുമില്ലാത്ത സാഹചര്യമാണ്. പെട്ടെന്ന് പ്രതികരിക്കാൻ തക്കവിധമാണ് വ്യോമസേനയുടെ തയ്യാറെടുപ്പ്.
അടുത്തിടെ വിന്ന്യസിച്ച റാഫേലിനൊപ്പം നേരത്തെയുള്ള സി-17 ഗ്ളോബ്മാസ്റ്റർ വിമാനവും, ചിനൂക്ക്, അപ്പാച്ചെ ഹെലികോപ്ടറുകളും ചേരുമ്പോൾ സേനയ്ക്ക് തന്ത്രപരമായ മേൽക്കൈയുണ്ട്. ഭാവിയിലെ ഏത് ഓപ്പറേഷനിലും വ്യോമസേനയുടെ പങ്ക് നിർണായകമാണ്. എതിരാളികളെക്കാൾ സാങ്കേതിക മികവുറപ്പിക്കാൻ വ്യോമസേനയ്ക്ക് കഴിയുന്നു. രണ്ട് തേജസ് സ്ക്വാഡ്രനുകൾ ചേർത്തതും സുഖോയ്-30ൽ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ ഘടിപ്പിക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണെന്നും ബദൗരിയ ചൂണ്ടിക്കാട്ടി.