ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് കേന്ദ്രം പൂർണമായും മരവിപ്പിച്ചു. ഇക്കാര്യം സെപ്തംബർ 10നാണ് അറിയുന്നത്. ഇതോടെ ഗവേഷണ പ്രവർത്തനങ്ങളടക്കം നിറുത്തിവച്ച് മുഴുവൻ ജീവനക്കാരെയും പിരിച്ചുവിടാൻ നിർബന്ധിതരായിരിക്കുകയാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യയിലേയും അന്താരാഷ്ട്ര തലത്തിലുള്ളതുമായ നിയമങ്ങൾ അനുസരിച്ചാണ് സംഘടന പ്രവർത്തിക്കുന്നത്. തെളിവില്ലാത്തതും ഗൂഢലക്ഷ്യത്തോടെയുമുള്ള ആരോപണങ്ങളുടെയും മറവിലുള്ള പകപോക്കലിന്റെ തുടർച്ചയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ. ഇത് യാദൃശ്ചികമല്ല. അടുത്തിടെ ഡൽഹി കലാപത്തിൽ ഡൽഹി പൊലീസിന്റെയും ജമ്മുകാശ്‌മീരിൽ കേന്ദ്രസർക്കാരിന്റെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ എടുത്ത നിലപാടിന്റെ ഫലമാണ് ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ തുടർച്ചയായ പീഡനമെന്ന് ആംനസ്റ്റി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ കുറ്റപ്പെടുത്തി. 2018 ഒക്ടോബർ 25ന് ഓഫീസ് ഇ.ഡി റെയ്ഡ് നടത്തി. ഡയറക്ടറുടെ വീടും റെയ്ഡ് ചെയ്തു. ഇതിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചു. സംഘടനയ്ക്ക് ചെറിയ സംഭാവനകൾ നൽകിയവർക്ക് പോലും 2019ൽ ഇൻകം ടാക്‌സ് നോട്ടീസ് നൽകി. ജൂണിൽ കാശ്‌മീരിൽ നടത്താനിരുന്ന വാർത്താസമ്മേളനം തടഞ്ഞു തുടങ്ങിയവയും അവിനാശ് കുമാർ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.