ന്യൂഡൽഹി / ലക്നൗ: ബാബ്റി മസ്ജിദ് തകർക്കാൻ എൽ.കെ.അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിംഗ് തുടങ്ങിയ ബി.ജെ.പി, സംഘപരിവാർ നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് വിധിച്ച ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ഇവരുൾപ്പെടെ കേസിലെ 32 പ്രതികളെയും വെറുതേവിട്ടു.
കർസേവകർ മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തല്ലെന്നും നേതാക്കൾ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ആളുകളെ പിന്തിരിപ്പിക്കാനാണ് അവർ ശ്രമിച്ചതെന്നും 2300 പേജുള്ള വിധിയിൽ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവ് വ്യക്തമാക്കി.
1992 ഡിസംബർ 6ന് മസ്ജിദ് തകർത്ത കേസിൽ 28 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. മസ്ജിദ് നിന്ന സ്ഥലത്ത് സുപ്രീംകോടതി വിധിപ്രകാരം രാമക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങിയതിന് പിന്നാലെയാണ് ബി.ജെ.പിക്കും സംഘപരിവാറിനും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന ഈ വിധി എന്നതും ശ്രദ്ധേയമാണ്.വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അഖിലേന്ത്യാ മുസ്ളിം വ്യക്തി നിയമ ബോർഡ് പറഞ്ഞു. അപ്പീൽ നിയമവകുപ്പമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു.
കോടതിയുടെ കണ്ടെത്തലുകൾ
പള്ളി തകർത്തത് ആൾക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്ന്. മിനാരത്തിനു മുകളിൽ കയറി പള്ളി തകർത്തത് സാമൂഹ്യവിരുദ്ധർ. പള്ളി തകർക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല. നേതാക്കൾ ഗൂഢാലോചന നടത്തിയതിന് തെളിവില്ല.
അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺ സിംഗ് വീഴ്ച വരുത്തിയിട്ടില്ല. മതിയായ സുരക്ഷ ഏർപ്പെടുത്തി. ലക്ഷക്കണക്കിന് കർസേവകരിൽ ചിലർ അക്രമാസക്തരായി.
വേദിയിൽ കയറി നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാണ് എൽ.കെ. അദ്വാനിയും മുരളിമനോഹർ ജോഷിയും അടക്കമുള്ള നേതാക്കൾ ശ്രമിച്ചത്.സി.ബി.ഐ ഹാജരാക്കിയ ദൃശ്യ, ശബ്ദ തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമല്ല. പ്രസംഗത്തിന്റെ ഓഡിയോ ക്ളിപ്പുകൾ വ്യക്തമല്ല. ഫോട്ടോകൾക്ക് അടിക്കുറിപ്പില്ല. മാദ്ധ്യമ പ്രവർത്തകരെ ചോദ്യം ചെയ്തെങ്കിലും രേഖകൾ ശേഖരിച്ചില്ല. മസ്ജിദിന്റെ ഭാഗങ്ങൾ ശരിയായി സൂക്ഷിച്ചില്ല. അതിനാൽ തകർത്തത് എങ്ങനെയെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.സാക്ഷികളുടെ മൊഴികളിൽ അതിശയോക്തി. അദ്വാനിയെ സംഭവ സ്ഥലത്ത് കണ്ടെന്നും ഇല്ലെന്നും മൊഴി. നേതാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.വിശ്വഹിന്ദു പരിഷത്തിന് പ്രത്യക്ഷമായോ, പരോക്ഷമായോ സംഭവത്തിൽ
പങ്കില്ല.
എന്റെ വിശ്വാസവും ആത്മാർത്ഥതയും കോടതി വിധിയോടെ തെളിയിക്കപ്പെട്ടു.
-എൽ.കെ. അദ്വാനി
വിധി ലജ്ജാകരം. പള്ളി പൊളിച്ചത് ഞെട്ടിപ്പിക്കുന്ന നിയമലംഘനമായിരുന്നെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് പറഞ്ഞിരുന്നു.
സീതാറാം യെച്ചൂരി ,
സി.പി.എം ജനറൽ സെക്രട്ടറി
ഇത് തെറ്റായ വിധിയാണ്.അപ്പീൽ നൽകും.
അഖിലേന്ത്യാ മുസ്ലിം വ്യക്തി
നിയമ ബോർഡ് സെക്രട്ടറി
സഫര്യബ് ജിലാനി