ന്യൂഡൽഹി: 400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യത്തിലേക്ക് തൊടുക്കാനാവുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ഒഡിഷയിലെ ബാലസോർ ഇന്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ വച്ച് രാവിലെ 10.45 ഓടെയാണ് പരീക്ഷണം നടന്നത്. ഡി.ആർ.ഡി.ഒയുടെ പിജെ-10 പദ്ധതിക്ക് കീഴിലായിരുന്നു പരീക്ഷണം.
വിമാനവാഹിനികൾ പോലുള്ള സുപ്രധാന യുദ്ധക്കപ്പലുകൾ തകർക്കാനും ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പ്രഹരിക്കാനും ഇവയ്ക്ക് സാധിക്കും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയർഫ്രെയിമും ബൂസ്റ്ററുമുള്ള മിസൈലിന്റെ പുതിയ പതിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമാണിത്.
അതിവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ റഡാറുകളുടെ കണ്ണിൽപ്പെടില്ല.