babari-masjid

ന്യൂഡൽഹി : ബാബറി മസ്ജിദ് കേസിൽ, 1993 ഒക്ടോബർ 5നാണ് എട്ട് നേതാക്കളടക്കം 40 പ്രതികൾക്കെതിരെ സി.ബി.ഐ. ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. നടന്നത് കരുതികൂട്ടിയുള്ള ആക്രമണമാണെന്നും വലിയ ഗൂഢാലോചന ഉണ്ടെന്നും കാണിച്ച് 1996 ജനുവരി 10ന് രണ്ടാമത്തെ കുറ്റപത്രവും സി.ബി.ഐ. സമർപ്പിച്ചു. ശിവസേന നേതാവ് ബാൽതാക്കറെ അടക്കമുള്ള 9 പേർക്കെതിരെ സെക്‌ഷൻ 120 (ബി) പ്രകാരം ക്രിമിനൽ ഗൂഡാലോചനക്കുറ്റവും ചുമത്തപ്പെട്ടു.1997ൽ ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട 48 പേർക്കെതിരെ നടപടി സ്വീകരിക്കാൻ ലക്‌നൗ മജിസ്‌ട്രേട്ട് ഉത്തരവിട്ടതിന് പിന്നാലെ പ്രതികളിൽ 34 പേർ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയും ലക്‌നൗ കോടതി നടപടിക്കെതിരെ സ്റ്റേ വാങ്ങുകയും ചെയ്തു. വിചാരണക്കോടതി ഒഴിവാക്കിയ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി ഭരണഘടനാ ദത്തമായ അധികാരം ഉപയോഗിച്ചാണ് പുനഃസ്ഥാപിച്ചത്. പക്ഷേ അന്തിമ വിചാരണയിൽ ഗൂ.ഢാലോചനയും തെളിഞ്ഞില്ല

തെളിവുകൾ തേടി

പള്ളി തകർത്ത കേസിൽ ദൃക്‌സാക്ഷികളായി മാദ്ധ്യമപ്രവർത്തകരും പൊലീസുകാരുമടക്കം 1,026 പേരുടെ പേരുകൾ ഉൾപ്പെടുത്തി. ഇവരുടെയെല്ലാ മൊഴി രേഖപ്പെടുത്തുക സി.ബി.ഐക്ക് ഭഗീരത പ്രയത്‌നമായിരുന്നു. രാജ്യത്ത് മാത്രമല്ല സാക്ഷികളെ തേടി മ്യാൻമറിലും ഇംഗ്ലണ്ടിലും വരെ ഉദ്യോഗസ്ഥർ യാത്രനടത്തി.

ഫലത്തിൽ 351 പേർ മാത്രമാണ് കോടതിയിലെത്തി മൊഴി നൽകിയത്. അദ്വാനി രഥയാത്രയോട് അനുബന്ധിച്ച് 1990 ൽ നടത്തിയ പ്രസംഗങ്ങളിലും പള്ളി തകർക്കുമെന്ന് പറഞ്ഞതും സി.ബി.ഐ. തെളിവായി രേഖപ്പെടുത്തി. ഒപ്പം ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, ചാനലുകളിലും പത്രങ്ങളിലും വന്ന വാർത്തകൾ തുടങ്ങിയവയും തെളിവായി സി.ബി.ഐ. കോടതിയിൽ ഹാജരാക്കിയിരുന്നു.