babari-masjid

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാബ്റി മസ്‌ജിദ് ഗൂഢാലോചനാ കേസിൽ ബി.ജെ.പി, സംഘപരിവാർ നേതാക്കളുൾപ്പെടെ 32 പേരെയും വെറുതെ വിട്ട വിധി ബി.ജെ.പിക്കും മോദി സർക്കാരിനും നൽകുന്ന രാഷ്‌ട്രീയ മൈലേജ് ഏറെയാണ്.

2019 നവംബറിൽ സുപ്രീംകോടതി അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് സാഹചര്യമൊരുക്കിയതു പോലെ കോൺഗ്രസ്, ഇടത് കക്ഷികൾ അടക്കം പ്രതിപക്ഷത്തെയും മുസ്ളീം സംഘടനകളെയും നിരാശപ്പെടുത്തുന്നതായി പ്രത്യേക കോടതിയുടെ വിധി. മസ്‌ജിദ് സ്വയം തകർന്നതാണെന്ന തലക്കെട്ടിൽ സമൂഹമാദ്ധ്യമങ്ങളിലും വിധിക്കെതിരെ വിമർശനങ്ങൾ ഉയർന്നു.

രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചതിനൊപ്പം ബി.ജെ.പിക്കും നരേന്ദ്രമോദി സർക്കാരിനും കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് നേതാക്കൾക്ക് ക്ളീൻ ചിറ്റ് നൽകുന്ന വിധി. തങ്ങളുടെ നേതാക്കൾക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും സത്യം ജയിച്ചെന്നുമുള്ള പ്രതികരണങ്ങളിൽ അതു വ്യക്തം. രാമജൻമഭൂമി പ്രക്ഷോഭം ഉത്തരേന്ത്യയിൽ വളർച്ചയ‌്ക്ക് ഊർജ്ജം നൽകിയെങ്കിൽ ബി.ജെ.പിയുടെ മേൽ കരിനിഴൽ വീഴ്‌ത്തിയ സംഭവമാണ് മസ്‌ജിദ് തകർക്കൽ. ഈ വിധി കുറേക്കൂടി നേരത്തേ ആയിരുന്നെങ്കിൽ വാജ്പേയി‌ക്കൊപ്പം മുൻനിരയിലുണ്ടായിരുന്ന എൽ.കെ. അദ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർക്ക് രാഷ്‌ട്രീയ നേട്ടമാകുമായിരുന്നു. മോദി നേതൃത്വം ഏറ്റെടുത്തോടെ രണ്ടാം നിരയിലേക്ക് ഒതുക്കപ്പെട്ട മുതിർന്ന നേതാക്കൾ വിശ്രമത്തിലാണിപ്പോൾ.

വിധിയിൽ നേരിയ വിമർശമെങ്കിലും ഉണ്ടായിരുന്നെങ്കിൽ മുതലെടുക്കാൻ തയ്യാറെടുത്ത പ്രതിപക്ഷത്തിന് വലിയ നിരാശയായി. ബീഹാറിലും മറ്റും ജെ.ഡി.യു-ബി.ജെ.പി സംഖ്യത്തിനെതിരെ ആയുധമാക്കാൻ അവർക്ക് കഴിയുമായിരുന്നു.

അയോധ്യാ ഭൂമി തർക്ക കേസിലെ വിധിക്ക് സമാനമായ അവസ്ഥയാണ് ദേശീയ രാഷ്‌ട്രീയ രാഷ്‌ട്രീയത്തിൽ ബാബറി മസ്‌ജിദ് ഗൂഢാലോചന കേസിലെ പ്രത്യേക കോടതി വിധിയും സൃഷ്‌ടിച്ചത്. രണ്ടു വിധികളും ഏകപക്ഷീയമായി ബി.ജെ.പിക്കും സംഘപരിവാറിനും അനുകൂലമായി.