ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരമായ പീഡനത്തിനിരയായി, പതിനഞ്ച് ദിവസം കൊടിയ വേദന അനുഭവിച്ച് മരണത്തിന് കീഴടങ്ങിയ പത്തൊൻപതുകാരിയുടെ മൃതദേഹത്തോട് പോലും നീതി കാണിക്കാതെ യു.പി പൊലീസ്.
പ്രിയ മകളുടെ മുഖം അവസാനമായി ഒരു നോക്ക് കാണാനുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അവകാശം തള്ളികളഞ്ഞ് ഡൽഹിയിൽ നിന്നും പൊലീസ് ജീപ്പിൽ ഗ്രാമത്തിലെത്തിച്ച മൃതദേഹം പുലർച്ചെ 2.45ന് പൊലീസ് സംസ്‌കരിച്ചു.
മൃതദേഹം വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട ബന്ധുക്കളെ പൂട്ടിയിട്ടു. ആളൊഴിഞ്ഞ പറമ്പിൽ പാഴ്‌വസ്തുക്കൾക്കൊപ്പമാണ് മൃതദേഹം കത്തിച്ചതെന്നും ആരോപണമുണ്ട്.
ചൊവ്വാഴ്ച രാവിലെ 6ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ച ദളിത് പെൺകുട്ടിയുടെ മൃതദേഹം രാത്രി 10.10ഓടെയാണ് പൊലീസിന് വിട്ടുനൽകിയത്. നീതി ലഭിക്കും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.
ഇതോടെ പെൺകുട്ടിയുടെ പിതാവിന്റെയോ സഹോദരന്റെയോ അനുവാദമില്ലാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പൊലീസ് തീരുമാനിച്ചു. വൻ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപം തന്നെ സംസ്‌കാരത്തിനുള്ള താത്കാലിക സൗകര്യം പൊലീസ് ഒരുക്കിയിരുന്നു. എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. ഹിന്ദു മതവിശ്വാസപ്രകാരം രാത്രി സംസ്‌കരിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പൊലീസ് പരിഗണിച്ചില്ല. ആംബുലൻസിന് മുന്നിലിരുന്ന് പ്രതിഷേധിച്ച പെൺകുട്ടിയുടെ അമ്മയേയും ബന്ധുക്കളെയും പൊലീസ് വലിച്ചിഴച്ച് നീക്കി. പിതാവും ബന്ധുക്കളും സംസ്കാരം രാവിലെ നടത്താൻ അനുവദിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
നാട്ടുകാരും ഠാക്കുർ സമുദായംഗങ്ങളും പൊലീസിനെതിരെ രംഗത്തെത്തിയതോടെ സംഘർഷഭരിത സാഹചര്യമായി. നാട്ടുകാരെ തല്ലിയോടിച്ച പൊലീസ് ബന്ധുക്കളെ വീട്ടിനുള്ളിലിട്ട് പൂട്ടി. പുലരാൻ പോലും നോക്കിനിൽക്കാതെ ഇരുട്ടിന്റെ മറവിൽ സംസ്‌കാരം നടത്തി.
സവർണരായ പ്രതികളെ സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടം ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് ഠാക്കുർ സമുദായംഗങ്ങൾ പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങി. പൊലീസ് ഇവരെ തടഞ്ഞു.
കഴിഞ്ഞ 14ന് അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ നാവ് കടിച്ചു മുറിച്ചെടുത്തു. കഴുത്തും നട്ടെല്ലും തർത്തു. ശ്വാസം പോലും എടുക്കാനാകാത്ത വിധം അബോധാവസ്ഥയിലാണ് പെൺകുട്ടിയെ ആദ്യ അലിഗഢിലും പിന്നീട് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലുമെത്തിച്ചത്. ഏറെ പ്രതിഷേധത്തിന് ശേഷമാണ് ഉന്നതജാതിയിൽപ്പെട്ട നാലു പ്രതികളെയും പൊലീസ് അറസ്റ്റു ചെയ്തത്.
കുടുംബത്തിന് 25 ലക്ഷം
ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തൊൻപതുകാരിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും.
സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി ഭഗ്വാൻ സ്വരൂപ് അദ്ധ്യക്ഷനായ സംഘത്തിൽ ഡി.ഐ.ജി ചന്ദ്ര പ്രകാശ്, പി.എ.സി കമാൻഡൻഡ് സേനാ നായക് പൂനം എന്നിവരാണുള്ളത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റും.
അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പെൺകുട്ടിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. കേസ് യു.പിയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്നും ആവശ്യം. വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും കത്തയച്ചു.
ഇന്നലെയും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
യു.പിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം അടങ്ങും മുമ്പേ വീണ്ടും അതിക്രമം. അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ദളിത് യുവതിയെ ടെമ്പോ ഡ്രൈവർ തട്ടിക്കൊണ്ടുപോയതായി പരാതി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിൽ യുവതിയെ പിന്നീട് കണ്ടെത്തി.
യുവതിയും അമ്മയും മരുന്ന് വാങ്ങാനായി സദാബാദ് നഗരത്തിൽ വന്നതായിരുന്നു. വൈകിട്ടോടെ ഇവർ ഒരു ടെമ്പോയിൽ വീട്ടിലേക്ക് മടങ്ങി. പോകും വഴി യുവതിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയും ഛർദിക്കുകയും ചെയ്തു. ഇതോടെ വെള്ളം വാങ്ങാനായി യുവതിയുടെ അമ്മ പുറത്തിറങ്ങി. ഈ സമയം ടെമ്പോ ഡ്രൈവർ യുവതിയുമായി കടന്നുകളയുകയായിരുന്നു. ബന്ധുക്കളുടെ പരാതി പ്രകാരം ടെമ്പോ ഡ്രൈവർക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിരുന്നു.
മകൾക്ക് നീതി ലഭിക്കണമെന്ന് മാത്രമാണ് ആ പിതാവ് എന്നോട് പറഞ്ഞത്. മൃതദേഹം അവസാനമായി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനും അവളുടെ അവസാനചടങ്ങുകൾ നടത്തുന്നതിനുമുളള ആ പിതാവിന്റെ അവകാശം അപഹരിക്കപ്പെട്ടു. ഇരയേയും യുവതിയുടെ കുടുംബാംഗങ്ങളേയും സംരക്ഷിക്കേണ്ടതിന് പകരം മരണത്തിൽ പോലും അവളുടെ മനുഷ്യാവകാശങ്ങൾ കവരുന്നതിൽ നിങ്ങളുടെ സർക്കാർ പങ്കാളികളാവുകയാണുണ്ടായത്. ഒരു മുഖ്യമന്ത്രിയായി തുടരാൻ താങ്കൾക്ക് അർഹതയില്ല.
- പ്രിയങ്ക ഗാന്ധി