ന്യൂഡൽഹി: ബാബറി മസ്‌ജിദ് ഗൂഢാലോചന കേസ് വിചാരണ പൂർത്തിയായ സെപ്‌റ്റംബർ ഒന്നിന് ശേഷം ലക്‌നൗ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവ് ഉറങ്ങിയിട്ടില്ല. രാജ്യം ഇന്നലെ ആകാംക്ഷയോടെ കാത്തിരുന്ന, രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾക്ക് സാദ്ധ്യതയുള്ള 2300 പേജ് നീണ്ട വിധി എഴുതി തീർക്കുന്ന തിരക്കിലായിരുന്നു 60കാരനായ യാദവ്. നിയമ ചരിത്രത്തിലെ നിർണായക വിധി പ്രസ്‌താവിച്ച ദിനം തന്നെ അദ്ദേഹം കോടതിയുടെ പടിയിറങ്ങി.
രാഷ്‌ട്രീയമായും സാമൂഹികമായും ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായതിനാൽ 2015 മുതൽ ലക്‌നൗ പ്രത്യേക കോടതിയിൽ ബാബറി മസ്‌ജിദ് തകർക്കൽ കേസ് മാത്രമാണ് ജസ്‌റ്റിസ് യാദവ് കൈകാര്യം ചെയ്‌തത്. എല്ലാ ദിവസവും വിചാരണ നടത്തി രണ്ടു വർഷത്തിനുള്ളിൽ തീർപ്പാക്കാൻ സുപ്രീംകോടതി 2017ൽ നിർദ്ദേശം നൽകിയെങ്കിലും നടപടികൾ നീണ്ടുപോയപ്പോൾ മൂന്നു തവണ സമയം നീട്ടി നൽകി. 2019 സെപ്റ്റംബർ 30ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് ഒരു വർഷം കാലാവധിയും നീട്ടിനൽകിയിരുന്നു. അങ്ങനെയാണ് ഇന്നലെ വിരമിക്കുന്ന ദിവസം ചരിത്ര വിധിക്ക് കളമൊരുങ്ങിയത്.
പ്രമുഖ നേതാക്കളായ എൽ.കെ. അദ്വാനി, മനോഹർ ജോഷി, ഉമാഭാരതി തുടങ്ങി പ്രതികളും സാക്ഷികളും അടക്കം 351 പേരിൽ നിന്ന് മൊഴിയെടുത്തു. 600ൽ അധികം തെളിവുകളും രേഖകളും പരിശോധിച്ചു. അദ്വാനിയോട് 100 ചോദ്യങ്ങളാണ് ജസ്‌റ്റിസ് യാദവ് ചോദിച്ചത്.
വലിയ ദൗത്യം പൂർത്തിയാക്കിയത് ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനത്തിലാണെങ്കിലും അദ്ദേഹം പതിവുകളൊന്നും തെറ്റിച്ചില്ല. രാവിലെ പൂജ. പിന്നെ ഭാര്യ ഊർമ്മിള, മക്കളായ ക്ഷിപ്ര, അഭിഷേക് യാദവ് എന്നിവർക്കൊപ്പം പ്രാതൽ. കൃത്യസമയത്ത് ലക്‌നൗ നഗരത്തിലെ വീട്ടിൽ നിന്ന് കോടതിയിലേക്ക്. കുറേ മാസങ്ങളായി വിധിയുടെ തിരക്കിൽ ബന്ധുക്കൾ അടക്കം സന്ദർശകരെ അനുവദിച്ചിരുന്നില്ല.