ബാബ്റി മസ്ജിദ് തകർത്തത് വലിയൊരു കുറ്റകൃത്യമാണെന്ന് 2019ൽ അയോദ്ധ്യ കേസ് വിധിയിൽ സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ ആ നിരീക്ഷണം വിരൽചൂണ്ടുന്നത് നീതിയുക്തമായ വിചാരണയിലേക്കാണ്. എന്നാൽ വിധിയുടെ പ്രതീക്ഷയ്ക്കൊത്ത് പ്രോസിക്യൂഷനും വിചാരണക്കോടതിയും ഉയർന്നില്ലെന്നാണ് ബാബ്റി മസ്ജിദ് തകർക്കൽ ഗൂഢാലോചനക്കേസിലെ വിധി കാണിക്കുന്നത്. കുറ്റം ചെയ്തവർ കണ്ടെത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണം എന്നത് ഏതൊരു നിയമവ്യവസ്ഥയുടെയും അനിവാര്യതയാണ്. കുറ്റം ആരോപിക്കപ്പെട്ടവർ അങ്ങനെയൊരു കുറ്റം ചെയ്തിട്ടില്ലെന്ന് ഇപ്പോൾ കണ്ടെത്തി. ധ്വംസനം നടന്നു. കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ല എന്നുപറയുന്ന അവസ്ഥ സുപ്രീംകോടതിയുടെ വിധിന്യായം വിരൽചൂണ്ടുന്ന നീതിനിർവഹണത്തിലേക്ക് വിചാരണക്കോടതിക്ക് എത്താൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ഇൻവെസ്റ്റിഗേഷനും പ്രോസിക്യൂഷനും പരാജയപ്പെട്ടുപോയി എന്നുള്ളതാണ് ചൂണ്ടിക്കാട്ടുന്നത്. നടപടികൾ പരമോന്നത കോടതിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.
പ്രകോപന പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകളടക്കം കോടതിയുടെ പരിഗണനയ്ക്കുണ്ടായിരുന്നു. 350ലേറെ സാക്ഷികളുണ്ടായിരുന്നു. പ്രകോപനപരമായ പ്രസംഗത്തിന്റെ അവസാനം അങ്ങോട്ട് പോകരുത് എന്ന് പറയുന്ന ഒരു വാക്കിലൂന്നി ആ പ്രസംഗത്തിലൂടെ സൃഷ്ടിക്കപ്പെട്ട പ്രകോപനം മുഴുവൻ കോടതി കാണാതെപോയി. അല്ലെങ്കിൽ നിരസിക്കുകയാണ് ചെയ്തത്. അന്വേഷണവും വിചാരണ നടപടികൾക്കുമായി 28 വർഷമാണ് എടുത്തത്. കാലവിളംബം ഉണ്ടായി എന്നുള്ളത് തന്നെ പ്രോസിക്യൂഷന്റെ പരാജയമാണ്.