ന്യൂഡൽഹി :യു.പിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം അടങ്ങും മുമ്പേ വീണ്ടും അതിക്രമം. അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ദളിത് യുവതിയെ ടെമ്പോ ഡ്രൈവർ തട്ടിക്കൊണ്ടുപോയതായി പരാതി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണത്തിൽ യുവതിയെ പിന്നീട് കണ്ടെത്തി.
യുവതിയും അമ്മയും മരുന്ന് വാങ്ങാനായി സദാബാദ് നഗരത്തിൽ വന്നതായിരുന്നു. വൈകിട്ടോടെ ഇവർ ഒരു ടെമ്പോയിൽ വീട്ടിലേക്ക് മടങ്ങി. പോകും വഴി യുവതിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയും ഛർദിക്കുകയും ചെയ്തു. ഇതോടെ വെള്ളം വാങ്ങാനായി യുവതിയുടെ അമ്മ പുറത്തിറങ്ങി. ഈ സമയം ടെമ്പോ ഡ്രൈവർ യുവതിയുമായി കടന്നുകളയുകയായിരുന്നു. ബന്ധുക്കളുടെ പരാതി പ്രകാരം ടെമ്പോ ഡ്രൈവർക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിരുന്നു.