palarivattom

കൊച്ചി: കോടികൾ ചെലവഴിച്ച് രണ്ടു വർഷംകൊണ്ടു നിർമാണം പൂർത്തിയാക്കി, കൊട്ടിഘോഷിച്ച് ഗതാഗതത്തിനു തുറന്ന്, രണ്ടരവർഷത്തിനുള്ളിൽ അടയ്‌ക്കേണ്ടിവന്ന പാലാരിവട്ടം മേൽപ്പാലം, പൊളിച്ചു പണിയാൻ തീരുമാനിക്കുന്നതോടെ പുറത്താകുന്നതു കേരളം കണ്ട ഏറ്റവും വലിയ നിർമാണ അഴിമതികളിലൊന്ന്.

പുതിയ പാലം നിർമിക്കാനുള്ള ചെലവ് ആരു വഹിക്കുമെന്ന ചോദ്യമാണ് പ്രധാനം. ഉദ്യോഗസ്ഥ അഴിമതിയുടെയും നിർമാണത്തിലെ പിഴവുകളുടെയും നേർസാക്ഷ്യമാണ് ഈ ഫ്ളെെഓവർ. 39 കോടി രൂപ മുടക്കി നിർമിച്ച പാലമാണ് ഇപ്പോൾ പൊളിച്ചു കളഞ്ഞ് പുതിയതു നിർമിക്കുക.

ഒരു തരത്തിലുള്ള അറ്റക്കുറ്റപണികളും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ വ്യക്തമാക്കിയിരുന്നു

ദേശീയപാത അതോറിറ്റി നിർമിച്ചാൽ ടോൾ ഈടാക്കുമെന്നു ചൂണ്ടിക്കാട്ടി ഇതൊഴിവാക്കാനായിരുന്നു ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ നിർമാണം സംസ്ഥാനം ഏറ്റെടുത്തത്.

മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. സൂരജിനൊപ്പം സുമിത് ഗോയൽ, ബെന്നി പോൾ, എം.ടി. തങ്കച്ചൻ എന്നിവരും അറസ്റ്റിലായി.

നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‌സ് എം.ഡിയാണ് സുമിത് ഗോയൽ. കിറ്റ്‌കോ മുൻ എംഡിയാണ് ബെന്നി പോൾ. ആർ.ബി.ഡി.സി.കെ മുൻ അഡീഷനൽ മാനേജരാണ് എം.ടി.തങ്കച്ചൻ.
പാലം നിർമിച്ച ആർ.ഡി.എസ് പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടർ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി.