കൊച്ചി: ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ സുപ്രീകോടതി ബഞ്ചിന്റെ വിധിയോടെ പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന് സർക്കാരിന്റെ മുന്നിലുള്ള തടസങ്ങളെല്ലാം നീങ്ങി. മെട്രോമാൻ ഇ. ശ്രീധരൻ തന്നെ മേൽനോട്ട ചുമതല വഹിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടുകഴിഞ്ഞു. അങ്ങനെയെങ്കിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് തന്നെയാകും നിർമ്മാണ ചുമതല. 9 മാസം കൊണ്ട് പണി പൂർത്തീകരിക്കുമെന്ന് മന്ത്രി.ജി.സുധാകരൻ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായാകും തുറന്നുകൊടുത്ത വലിയ മേൽപ്പാലം നാല് വർഷത്തിനകം പൊളിച്ചുപണിയുന്നത്.
വലിയ ഒരു വെല്ലുവിളിയാണ് 'മെട്രോമാൻ' ഏറ്റെടുക്കുക. പാമ്പൻ പാലവും കൊങ്കൺ റെയിൽവേ പാതയുമൊക്കെ നിർമിച്ച എൻജിനീയർക്ക്, 442 മീറ്റർ മാത്രം നീളമുള്ള ഒരു മേൽപ്പാലം പൊളിച്ചുപണിയുക എന്നത് ക്ലേശകരമായ പ്രവൃത്തിയല്ല.
മേൽപ്പാലം പൊളിച്ചുനീക്കും
യന്ത്ര സഹായത്തോടെ പാലം പൊളിച്ചുനീക്കുമെന്നാണ് സൂചന. മേൽഭാഗം പല കഷ്ണങ്ങളായി മുറിച്ചുമാറ്റും.
ചെലവും സമയവും
പാലം പൊളിക്കുന്നതിനുള്ള ചെലവ് -2 കോടി രൂപ
പിയറും (തൂണും) പിയർ ക്യാപും ജാക്കറ്റ് ചെയ്യാൻ -1.71 കോടി രൂപ
102 പി.എസ്.സി. ഗർഡറുകൾക്ക് -15 കോടി രൂപ ആകെ -18.71 കോടി രൂപ
തൂണുകളും തൂണുകൾക്ക് മുകളിലായുള്ള 'പിയർ ക്യാപ്പും' നിലനിർത്തിക്കൊണ്ട് മേൽഭാഗം പൂർണമായി പൊളിച്ചുനീക്കി, പുതിയത് നിർമിക്കുക എന്നതാണ് നിലവിലെ തീരുമാനം. 102 ഗർഡറുകൾ പൊളിച്ചുനീക്കണം.
ഓരോന്നിനും വേണ്ടിവരുന്ന സമയം
പാലം പൊളിക്കുന്നതിനും ഗർഡറുകൾ നീക്കുന്നതിനും -3 മാസം
പിയറും പിയർ ക്യാപ്പും ബലപ്പെടുത്തുന്നതിന് -3 മാസം (പി.എസ്.സി. ഗർഡറുകളുടെ നിർമാണവും ഇതോടൊപ്പം നടക്കും)
ഗർഡറുകളുടെ സ്ഥാപിക്കലും ഡെക്കിന്റെ വാർക്കലും -4 മാസം
മേൽപ്പാലത്തിന്റെ 102 ഗർഡറുകളും മാറ്റി പി.എസ്.സി. ഗർഡറുകൾ ഉപയോഗിക്കുന്നു എന്നതാണ് വരാൻ പോകുന്ന പ്രധാന മാറ്റം. ആർ.സി.സി. ഗർഡർ (റീ ഇൻഫോഴ്സ്ഡ് സിമന്റ് കോൺക്രീറ്റ് ഗർഡർ) സൈറ്റിൽ വെച്ച് കോൺക്രീറ്റ് ചെയ്യും. പി.എസ്.സി. ഗർഡർ (പ്രീ സ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡർ) യാർഡിൽ വെച്ച് കോൺക്രീറ്റ് ചെയ്ത് കൊണ്ടുവരുന്നതാണ്. ഉരുക്ക് കേബിളുകളാണ് ഇത്തരം ഗർഡറുകൾക്ക് . ആർ.സി.സി. ഗർഡറുകൾക്ക് ഇരുമ്പ് കമ്പികളാണ്. പി.എസ്.സി. ഗർഡറുകൾക്ക് ഉറപ്പ് കൂടും. പക്ഷേ, ചെലവ് കൂടും..