കൊച്ചി: ഇടപ്പള്ളി പൂക്കാട്ടുപടിയിൽ സചിത്രയുടെ വാടകവീട് വീടുനിറയെ പട്ടികളും പൂച്ചകളുമാണ്. കൃത്യമായി പറഞ്ഞാൽ 30 പൂച്ചകളും 12 പട്ടികളും. കണ്ടാൽ ഒന്ന് ഓമനിക്കാൻ തോന്നുന്ന സുന്ദരീസുന്ദരന്മാരാണിവരെല്ലാം. എന്നാൽ, സചിത്രയുടെ വീട്ടിലെത്തും വരെ അതായിരുന്നില്ല അവസ്ഥ. തെരുവിൽ കല്ലേറ് കൊണ്ടോ അപകടം പറ്റിയോ കിടന്നവയാണിവയെല്ലാം. അപകടത്തിൽപ്പെട്ടതും അവശത അനുഭവിക്കുന്നതുമായ തെരുവ് നായ്ക്കളെയും പൂച്ചകളെയും രക്ഷിച്ച് എടുത്ത് വളർത്തി സുഖപ്പെടുത്തി വളർത്താൻ താത്പര്യമുള്ളവർക്ക് ഇവയെ നൽകുകയാണ് സചിത്ര.
ചൊട്ടയിൽ കണ്ടത് ഇപ്പോൾ ശീലം
തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയാണ് സചിത്ര. അച്ഛൻ സോമനും അമ്മ സത്യഭാമയ്ക്കും മൃഗങ്ങളോടുള്ള സ്നേഹം കണ്ടാണ് സചിത്ര വളർന്നത്. അച്ഛൻ സോമനും തെരുവിൽ ഭക്ഷണമില്ലാതെ അലയുന്ന നായ്ക്കളെ കൊണ്ടുവന്ന് വളർത്തുമായിരുന്നു. വിവാഹശേഷം സചിത്ര ഭർത്താവ് ദിനേശ് മഞ്ചുവാനിയുമായി ബോംബെയിലായിരുന്നു താമസം. ബ്യൂട്ടി പ്രൊഡക്ട് സെയിൽസ് ചെയ്യുന്ന സചിത്ര ജോലി സംബന്ധമായി നാല് വർഷം മുന്നേ കൊച്ചിയിലെത്തി. ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം തൃശൂർ പൂരം കാണാൻ പോകാൻ തീരുമാനിച്ചു. ട്രെയിനിലായിരുന്നു യാത്ര. നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റെയറിനടിയിൽ അവശയായി കിടക്കുന്ന പൂച്ചയെ കണ്ണിൽപ്പെട്ടു. അതിനെ കൈയിലെടുത്ത് അടുത്ത കടയിൽ നിന്ന് പാൽ വാങ്ങിനൽകി, യാത്രയിൽ കൂടെ കൂട്ടി. പൂരം കണ്ട് തിരികെ വരുമ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പൂച്ചയെ ഇഷ്ടപ്പെട്ടതിനാൽ നൽകി. അതായിരുന്നു തുടക്കം. പിന്നീട് നഗരത്തിൽ ദുരിതം അനുഭവിക്കുന്ന നായ്ക്കളും പൂച്ചകളും വീട്ടിൽ നിറഞ്ഞു. ആരെയും കൂട്ടിലടയ്ക്കില്ല സചിത്ര. പൂച്ചകൾ വീടിനകത്തും നായ്ക്കൾ സിറ്റൗട്ടിലും. ലോക്ക്ഡൗൺ കാലത്ത് തെരുവുകളിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു. നായ്ക്കളെ വളർത്തുന്നതിനാൽ അയൽവാസികളുടെ പരാതിയിൽ ഇതിനോടകം ഏഴ് തവണ വീട് മാറേണ്ടി വന്നിട്ടുണ്ട് സചിത്രയ്ക്ക്. എങ്കിലും തെരുവിലെ ജീവനുകളും ജീവനുകളാണ് എന്നതാണ് സചിത്രയുടെ പക്ഷം.