കോലഞ്ചേരി: കൊവിഡിന് പിന്നാലെ ക്ഷീരകർഷകർക്ക് തിരിച്ചടിയായി പശുക്കളിൽ ചർമ്മമുഴരോഗം പടരുന്നു. രോഗം ബാധിച്ച പശുക്കളിലെ പാലുൽപ്പാദനം ഗണ്യമായി കുറയുന്നത് പലരെയും ഇതിനകം പ്രതിസന്ധിയിലാക്കി. കൊവിഡിനിടയിൽ പാല് വിറ്റ് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന കർഷകർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ആദ്യം രോഗം കണ്ടെത്തിയത്. പശുക്കളെ മാത്രം ബാധിക്കുന്നതാണ് രോഗം. വൈറസ് രോഗമായതിനാൽ കൃത്യമായ പ്രതിരോധമരുന്നുകൾ ഇല്ല.രോഗംബാധിച്ച കന്നുകാലികളെ പ്രത്യേകം മാറ്റിപ്പാർപ്പിച്ച് ശരിയായ ചികിത്സയും പരിചരണവും നൽകണം. പരിസരശുചിത്വം രോഗനിയന്ത്റണത്തിന് പ്രധാന ഘടകമാണ്.
രോഗം പകരും
അത്യുത്പാന ശേഷിയുള്ള സങ്കരയിനം പശുക്കളിലും കിടാരികളിലുമാണ് കൂടുതലായി കാണുന്നത്. കടിയീച്ചകൾ, കൊതുകുകൾ എന്നിവയാണ് രോഗകാരണമായ വൈറസുകളെ പശുക്കളിലേക്കെത്തിക്കുന്നത്. രോഗബാധിതരായ പശുക്കളിൽനിന്ന് മറ്റു പശുക്കളിലേക്ക് പകരും.
രോഗലക്ഷണങ്ങൾ
രോഗാണു ശരീരത്തിൽ പ്രവേശിച്ച് നാല് ദിവസം മുതൽ അഞ്ച് ആഴ്ചയ്ക്കിടെ രോഗലക്ഷണങ്ങൾ പ്രകടമാവും. കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊഴുക്ക്, ഗ്രന്ഥികളിലെ വീക്കം, വിശപ്പില്ലായ്മ, ഒരാഴ്ച നീണ്ടുനിൽക്കുന്ന പനി, പാലുൽപാദനത്തിൽ ഗണ്യമായ കുറവ്, എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. തുടർന്ന് ശരീരത്തിൽ കട്ടിയുള്ള മുഴകൾ കണ്ടുതുടങ്ങും. ചെറിയ മുഴകൾ കാലക്രമേണ ചുരുങ്ങുമെങ്കിലും വലിയ മുഴകൾ പൊട്ടി രക്തസ്രാവത്തിനും വ്രണമാകാനും കാരണമാകുന്നു.
രോഗംമൂലം ഉൽപാദനനഷ്ടം കൂടുതൽ
പോക്‌സ് വൈറസ് ഇനത്തിൽപ്പെട്ട ലംപിസ്‌കിൻ വൈറസുകളാണ് രോഗഹേതുവെന്ന് കേരള വെറ്ററിനറി സർവകലാശാലാ രോഗപ്രതിരോധ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തി.പകർച്ചാനിരക്ക് രണ്ട് മുതൽ 45 ശതമാനവും മരണനിരക്ക് 10 ശതമാനത്തിൽ താഴെയാണെങ്കിലും രോഗംമൂലമുണ്ടാകുന്ന ഉൽപാദനനഷ്ടം കൂടുതലാണ്.