കൊച്ചി: മുൻ രാഷ്ട്രപതി പ്രണബ്കുമാർ മുഖർജിയുടെ നിര്യാണത്തിൽ സമൂഹത്തിന്റെ നാനാതുറമുഖങ്ങളിൽ പെട്ടവർ അനുശോചനം അറിയിച്ചു. സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, യാക്കോബായ സുറിയാനിസഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ എന്നിവർ അനുശോചിച്ചു.

ഭാരതം കണ്ട രാഷ്ട്രപതിമാരിൽ ജ്ഞാനവും പ്രാഗത്ഭ്യവും രാഷ്ട്രതന്ത്രജ്ഞതയുംകൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു പ്രണബ് മുഖർജിയുടേതെന്ന് ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ദേശീയ ഐക്യത്തിനും സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനും മതസൗഹാർദത്തിനും പ്രാമുഖ്യം നൽകിയാണ് അദ്ദേഹം സേവനമനുഷ്ടിച്ചത്.

പ്രണബ് മുഖർജിയുടെ ദേഹവിയോഗത്തിലൂടെ ബുദ്ധിമാനും ദാർശനീകനുമായ രാഷ്ട്രതന്ത്രജ്ഞനെയും ആദർശധീരനായ നേതാവിനെയുമാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് യാക്കോബായ സുറിയാനിസഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുസ്മരിച്ചു.