കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ആളൊഴിഞ്ഞ പൊതുസ്ഥലങ്ങൾ സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രങ്ങളാകുന്നു.
കൊച്ചി നഗരത്തിൽ ബോട്ടുജെട്ടിയും പരിസരവുമാണ് ഇത്തരത്തിൽ അന്യാധീനപ്പെട്ട പ്രധാനസ്ഥലങ്ങളിലൊന്ന്. ജലഗതാഗത വകുപ്പിന്റെ ബോട്ടുസർവീസുകൾ നിലച്ചതോടെ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാതായി. പൊതുജനങ്ങളുടെ വരവ് നിലച്ചതോടെ അധികൃതരുടെ ശ്രദ്ധയും കുറഞ്ഞു.
പകൽ സമയത്ത് ഇവിടുത്തെ പാർക്കിന്റെ മേൽനോട്ട ചുമതലയുള്ള കുടുംബശ്രീ പ്രവർത്തകരോ ഡി.ടി.പി.സി യുടെ ഇൻഫർമേഷൻ സെന്റർ നടത്തിപ്പുകാരോ വന്നുപോയാലായി. അങ്ങനെ ആളൊഴിഞ്ഞു കിട്ടിയ അവസരം പരമാവധി മുതലെടുക്കുകയാണ് സാമൂഹ്യവിരുദ്ധസംഘം. പരിസരമാകെ പൊട്ടിയ മദ്യകുപ്പികളും ഗർഭനിരോധന ഉറകളുമാണ്. മാസ്ക് ധരിച്ചും പരമാവധി അകലം പാലിച്ചും സ്പർശനം ഒഴിവാക്കിയുമൊക്കെ സമൂഹമൊന്നാകെ കൊവിഡിനെ ചെറുക്കാൻ പരിശ്രമിക്കുന്നതിനിടെയാണ് ബോട്ടുജെട്ടിയിൽ ''അനാശാസ്യ'' അടുപ്പക്കാർ യാതൊരുനിയന്ത്രണങ്ങളുമില്ലാതെ അഴിഞ്ഞാടുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പുവരെ മട്ടാഞ്ചേരി, വൈപ്പിൻ, ഫോർട്ടുകൊച്ചി, മുളവുകാട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാരും വിനോദസഞ്ചാരികളും വന്നുപോയിരുന്ന നഗരത്തിലെ പ്രധാനമായൊരു സ്ഥലമാണ് ഇന്ന് ഇത്തരത്തിൽ അധപതിച്ചിരിക്കുന്നത്. ആരുടേയും കണ്ണിൽപ്പെടാതെ സംഘം ചേരാനും മറ്റും ആവശ്യത്തിലേറെ സൗകര്യമാണ് ഇവിടെയുള്ളത്. പണിപൂർത്തിയായതും അല്ലാത്തതുമായ കെട്ടിടങ്ങളും കാടുപിടിച്ച പരിസരവും ഇവർക്ക് അനുകൂലമാണ്.
കൊവിഡിന് മുമ്പ് ജനസാന്നിദ്ധ്യം ഉണ്ടായിരുന്നപ്പോൾ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇൻഫർമേഷൻ സെന്ററിൽ പായസക്കട സജീവമായിരുന്നു. വൈകുന്നേരങ്ങളിൽ ഇവിടുത്തെ വൃക്ഷത്തണലിലിരുന്ന് ചൂടുപായസം നുകരാൻ എത്തുന്ന നഗരവാസികളും ധാരാളമുണ്ടായിരുന്നു. ഇന്നാകട്ടെ സ്ഥിതിയാകെ മാറി, വൈകിട്ട് 5മണി കഴിഞ്ഞാൽ പ്രദേശത്തിന്റെ പൂർണനിയന്ത്രണം സാമൂഹ്യവിരുദ്ധർ ഏറ്റെടുക്കും. കുഴപ്പക്കാരെ നിയന്ത്രിക്കാൻ പൊലീസുമില്ല, ജലഗതാഗത വകുപ്പുമില്ല.