ആലുവ: സ്വകാര്യ മൊബൈൽ കമ്പനിയുടെ ഫോൺ കണക്ഷൻ റീചാർജ് ചെയ്ത യുവാവിന് രണ്ട് അക്കൗണ്ടുകളിൽ നിന്നായി 5,700 രൂപ നഷ്ടമായി. ആലുവ കുന്നത്തേരി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. ഇയാൾ ആലുവ പൊലീസിന് രേഖാമൂലം പരാതി നൽകി.

കഴിഞ്ഞ 29ന് ഫോൺ രാത്രി ഫോൺ റീചാർജ് ചെയ്യുന്നതിനായി 399 രൂപ മൊബൈൽ കമ്പനിയുടെ മണി ബാങ്കിലേക്ക് യുവാവ് ധനലക്ഷ്മി ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്തു. അക്കൗണ്ടിൽ നിന്നും പണം നഷ്ടമായെങ്കിലും ഫോൺ റീ ചാർജ് ആയില്ല. അടുത്ത ദിവസം മൊബൈൽ കമ്പനിയുടെ കസ്റ്റമർ കെയറിൽ വിവരമറിയിച്ചപ്പോൾ കമ്പനിയുടെ മണി ബാങ്കിലേക്ക് വിളിക്കാൻ മറ്റൊരു നമ്പർ നൽകി. ഈ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അടുത്ത ദിവസം മറ്റൊരു നമ്പറിൽ നിന്നും വിളിച്ച് പണം മടക്കി നൽകുന്നതാണെന്ന് അറിയിച്ചു. റീഫണ്ട് ചെയ്യുന്നതിനായി അവർ നൽകിയ ആപ്പിൽ അക്കൗണ്ട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. തുടർച്ചയി തന്റെ ഫോണിൽ വന്ന ഒ.ടി.പി നമ്പറും അവർ വാങ്ങി. തൊട്ടുപിന്നാലെ യുവാവിന്റെ എസ്.ബി.ടി ബാങ്കിൽ ആകെയുണ്ടായിരുന്ന 5,000 രൂപയിൽ 4900 രൂപയും ധനലക്ഷ്മി ബാങ്കിൽ ഉണ്ടായിരുന്ന 900 രൂപയിൽ 800 രൂപയും നഷ്ടമായതായി പരാതിയിൽ പറയുന്നു.

തട്ടിപ്പ് നടത്തിയയാൾ ഉപയോഗിച്ച ഫോൺ മറ്റൊരു സ്വകാര്യ ഫോൺ കമ്പനിയുടേതാണെന്നും പശ്ചാമ ബംഗാൾ സ്വദേശിയാണ് പിന്നിലെന്നും സൂചന ലഭിച്ചിട്ടുണ്ട്. നഷ്ടമായത് വലിയ തുകയല്ലെങ്കിലും ഇത്തരം തട്ടിപ്പുകാരെ കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കുമെന്നും സി.ഐ എൻ. സുരേഷ് കുമാർ പറഞ്ഞു.