bjp
പൃഥ്വിരാജിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിൽ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എത്തിയപ്പോൾ

ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ പൃഥ്വിരാജ് മരണത്തിൽ ചികിത്സ നിഷേധിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പിൽ അനിശ്ചിതകാലസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ കൂടുതൽ സംഘടനകളുടെ പിന്തുണ.

അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് എന്നിവർ നേരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരുന്നു. ഇന്നലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണനും സമരപ്പന്തൽ സന്ദർശിച്ച് പിന്തുണപ്രഖ്യാപിച്ചു. സ്വന്തം കുഞ്ഞിന്റെ മരണകാരണമറിയാൻ മാതാവ് നടത്തുന്നത് നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്ന് ജയകൃഷ്ണൻ പറഞ്ഞു. അമ്മയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കുന്നത് അനീതിയാണ്. മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ്, വൈസ് പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, സെക്രട്ടറിമാരായ പ്രദീപ് പെരുമ്പടന്ന, മിഥുൻ ചെങ്ങമനാട്, എം.വി. ഷിബു, രജന ഹരീഷ് ആലുവ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സതീഷ് കുമാർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ഷീജ മധു, സരസ്വതി ഗോപാലകൃഷ്ണൻ, ഇല്യാസ് അലി, വിദ്യ ബൈജു തുടങ്ങിയവർ സംബന്ധിച്ചു.

സമരത്തിന് ബി.എം.എസ് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ സത്യാഗ്രഹം ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.പി. സിദ്ധാർഥൻ, സെക്രട്ടറി സന്തോഷ് പൈ, കെ.എസ്.ടി എംപ്ലോയീസ് സംഘ് ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.വി. സതീഷ്, എം.പി. സുരേന്ദ്രൻ, കെ.ജി. അനീഷ്, സി.എസ്. സുഗതൻ, എം.ജി. വേണുഗോപാൽ, യു.കെ. വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.