ആലുവ: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 166-ാത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ആലുവയിൽ ഇന്ന് ലളിതമായ ചടങ്ങുകളോടെ നടക്കും. ആലുവ അദ്വൈതാശ്രമത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെങ്കിലും ചടങ്ങുകൾ നടക്കും. പതിവ് ചടങ്ങുകൾക്ക് പുറമെ രാവിലെ 6.15ന് ഗുരുദേവ തിരുജയന്തി പൂജയും തുടർന്ന് ശാന്തിഹവനം, ഗുരുദേവ കൃതി പാരായണം, ഉച്ചയ്ക്ക് 12.30ന് ഗുരുപൂജ എന്നിവ നടക്കും.
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ഓഫീസിൽ രാവിലെ എട്ടിന് അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തന്റെ കാർമ്മികത്വത്തിൽ ഗുരുപൂജ നടക്കുമെന്ന് സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അറിയിച്ചു. യൂണിയൻ പരിധിയിലെ ഗുരുമണ്ഡപങ്ങളുള്ള ശാഖകളിൽ രാവിലെ കൊവിഡ് മാനദണ്ഡം പാലിച്ച് ഗുരുപൂജ നടക്കും. എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും രാവിലെ ഗുരുദേവ ചിത്രങ്ങൾക്ക് മുമ്പിൽ വിളക്കുവെച്ച് കുടുംബാംഗങ്ങളൊരുമിച്ച് പ്രാർത്ഥന നടത്തും.