കൊച്ചി: സബീനയ്ക്ക് ഇത് ദുരിതകയത്തിൽ നിന്ന് നീന്തി കയറിയ സന്തോഷത്തിന്റെ ഓണമായിരുന്നു. ദുബായിൽ ജോലി നൽകാമെന്ന വ്യാജേനെ ഒമാനിലേക്ക് കടത്തിയ സബീന സുമനസുകളുടെ സഹായത്തിനാലാണ് തിരുവോണമുണ്ണാനായത്. ഭർത്താവും രണ്ട് കുട്ടികളും എഴുപത്തിരണ്ട് വയസായ ഉമ്മ അയിഷയും അടങ്ങിയ കുടുംബത്തിന് കൈത്താങ്ങാവാനാണ് മട്ടാഞ്ചേരി സ്വദേശിയായ സബീന വിദേശത്തേക്ക് ജോലിയ്ക്ക് പോയത്. എന്നാൽ ഒമാനിലേക്കെത്തിയ സബീനയെ കാത്തിരുന്നത് ദുരിതത്തിന്റെ നാളുകളായിരുന്നു. രണ്ടു വർഷം മുമ്പ് ഡിസംബർ എട്ടിനാണ് ദുബായിൽ ജോലി നൽകാമെന്നും പ്രതിമാസം ഇരുപതിനായിരം രൂപ ശമ്പളവും നൽകാമെന്ന് പറഞ്ഞു സന്ദർശന വിസയിൽ സബീന ദുബായിലേക്ക് കൊണ്ടുപോയത്. ആദ്യം ദുബായിൽ എത്തിച്ചെങ്കിലും പിന്നീട് റോഡ് മാർഗം ഒമാനിലെ മസ്‌കറ്റിലേക്ക് കടത്തി. പിന്നീട് അവിടെ താമസിക്കുന്ന അറബിക്ക് രണ്ടേ മുക്കാൽ ലക്ഷം രൂപക്ക് ഇവരെ വില്ക്കുകയായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞിട്ടും വേണ്ടത്ര വിവരങ്ങൾ ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ അന്വേഷിച്ചപ്പോഴാണ് വീട്ടമ്മ വിദേശത്തു ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുകയാണെന്ന അറിയുന്നത്. പിന്നീട് സബീനയെ നാട്ടിലെത്തിക്കാൻ കുടുംബാംഗങ്ങൾ പരിശ്രമിച്ചെങ്കിലും നടന്നില്ല. അറബിക്ക് നൽകിയ രണ്ടേ മുക്കാൽ ലക്ഷം രൂപ നൽകാതെ ഇവരെ വിട്ടുകിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് നോർകയ്ക്കും കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിനും നേരിട്ടും, ഒമാനുള്ള ഇന്ത്യൻ എംബസിക്കും നിരവധി പരാതികൾ നൽകിയെങ്കിലും വീട്ടമ്മയെ നാട്ടിലെത്തിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല. പ്രൊട്ടക്ടർ ജനറൽ ഒഫ് എമിഗ്രന്റ്‌സിന്റെ ഓഫീസിലും പരാതി നൽകി. തുടർന്ന് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ കേരള ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിക്കുകയായിരുന്നു. പ്രവാസികളെ സഹായിക്കാനുള്ള കമ്യൂണിറ്റിവെൽഫയർ ഫണ്ട് ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കണമെന്ന ഹർജിയിലെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് സബീനയുടെ മോചനം സാദ്ധ്യമായത്. ഉത്രാടത്തിന്റെ അന്നാണ് സബീന നാട്ടിലെത്തിയത്.