veed
ശ്രീ കാന്തിന്റെ വീടിന്റെ താക്കോൽ പീതാംബരൻ കൈമാറുന്നു.

മുറിയിൽ നിന്നുള്ള പഠനം വീട്ടിലേയ്ക്ക് മാറ്റാം. തിരുവാണിയൂർ തിരുമല കോളനിയിലായിരുന്നു ശ്രീകാന്തിന്റെ പ്ളാസ്റ്റിക് ഷീറ്റിൽ തീർത്ത അടച്ചുറപ്പില്ലാത്ത ഒറ്റ മുറി വീട്. ഇവിടെ സഹോദരി ശ്രീ ലക്ഷ്മിയും അസുഖബാധിതനായി തളർന്നു കിടക്കുന്ന അച്ചൻ ശിവനും അമ്മയ്ക്കുമൊപ്പമായിരുന്നു ശ്രീകാന്തിന്റെ താമസം. പതിനാലു വർഷമായി അച്ചൻ തളർച്ചയായി കിടപ്പിലാണ് അമ്മ ഷീല കൂലിപ്പണിയെടുത്താണ് രണ്ടു മക്കളെയും പഠിപ്പിക്കുന്നത്. ഒറ്റ മുറി വീട്ടിൽ നാലു പേർക്കും കിടക്കാൻ കഴിയാതെ വന്നതോടെ മഹാരാജാസിലെ ഹോസ്റ്റൽ മുറിയായിരുന്നു കഴിഞ്ഞ മൂന്നു വർഷമായി ശ്രീകാന്തിന്റെ വീട്. ഹോസ്റ്റൽ മുറിക്കു വേണ്ട പണം കൊടുക്കാൻ പോലും കൈയ്യിലില്ലാതെ വന്നതോടെ സുഹൃത്തുക്കളുടെ സഹ മുറിയനായി മാറി പഠനം മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു ബി.എ ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയും കോളേജ് ആർട്സ് ക്ലബ്ബ് സെക്രട്ടറി കൂടിയാണ് ശ്രീകാന്ത്. എൻ.സി. പി കുന്നത്തുനാട് ബ്ളോക്കു കമ്മിറ്റിയാണ് ഇവർക്ക് 700 ചതുരശ്രയടിയുള്ള അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകിയത്. സഹോദരി ശ്രീ ലക്ഷ്മി തൃപ്പൂണിത്തുറയിൽ പ്ളസ് വൺ വിദ്യാർത്ഥിനിയാണ്. എസ്.എസ്.എൽ.സിക്കും പ്ളസ് വണ്ണിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ളസും നേടിയിരുന്നു. കഴിഞ്ഞ ദിവസം ബ്ലോക്ക് കമ്മിറ്റിയുടെ 14 മത് ഭവന പദ്ധതിയുടെ താക്കോൽ ദാനം സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ ജോൺ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുൾ അസീസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ്,ജില്ലാ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ,മണ്ഡലം പ്രസിഡന്റ് ശശി അടയത്ത്, പഞ്ചായത്തംഗം ബേബി വർഗീസ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ ജോസ്,സി.പി.എം ലോക്കൽ സെക്രട്ടറി ധനൻ കെ ചെട്ടിയംചേരി സി.ആർ പ്രകാശ്, സുകുമാരൻ വെണ്ണികുളം,സജിത് കുമാർ ,ജോഷി സേവ്യർ എന്നിവർ സംസാരിച്ചു.