കൊച്ചി : പീഡനങ്ങൾക്ക് ഇരകളാകുന്ന പെൺകുട്ടികൾക്ക് പൂർണ സംരക്ഷണം നൽകണമെന്നും ഇവരുടെ ഭാവി സുരക്ഷിതമാക്കാൻ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും വനിതാകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ അവർത്തിക്കപ്പെടാതിരിക്കാൻ പൊലീസ് കർശന നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് ലില്ലി തോമസ് പാലോക്കാരൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഗീത നസീർ സംഘടനാ റിപ്പോർട്ടും ജനറൽ സെക്രട്ടറി ശാരദ മോഹൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബ്യുല നിക്‌സൺ പ്രമേയം അവതരിപ്പിച്ചു. മോളി എബ്രഹാം, ബീന കോമളൻ എന്നിവർ സംസാരിച്ചു.