pineapple
കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാഴക്കുളത്ത് തിരുവോണനാളിൽ സംഘടിപ്പിച്ച ഉപവാവസം

കൊച്ചി : കൊവിഡ് വ്യാപനത്തെ തുടർന്ന് തകർച്ചയിലായ പൈനാപ്പിൾ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്ര പാക്കേജ് പ്രഖ്യാപിക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തിരുവോണനാളിൽ ഉപവസിച്ചു.

മൂവാറ്റുപുഴ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നടന്ന ഉപവാസം ജ്വാല ജനകീയ കലാ സാംസ്കാരിക വേദി പ്രസിഡന്റ് അഡ്വ. ജോണി മെതിപ്പാറ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ് തോട്ടുമാരിക്കൽ, സെക്രട്ടറി അഡ്വ. ജോജോ ജോസഫ് വടക്കുംപാടം, വി.പി. ആന്റണി, ജോസ് കളപ്പുര തുടങ്ങിയവർ നേതൃത്വം നൽകി.

ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ച് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ്, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർഡി വർഗീസ് നമ്പ്യാപറമ്പിൽ, ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ്, എന്നിവർ സംസാരിച്ചു.

പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേൽ, സെക്രട്ടറി ജോസ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് തോമസ് വർഗീസ് സെക്രട്ടറി സിജു താന്നിയ്ക്കൽ, എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത്, കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപതാ പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്, സെക്രട്ടറി ജോസുകുട്ടി പുതിയേടം, ഗ്ലോബൽ സമിതി അംഗം അഡ്വ. ഇ.കെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് നൽകിയ പൈനാപ്പിൾ കഴിച്ച് ഉപവാസം അവസാനിപ്പിച്ചു.