കുറുപ്പംപടി: യാക്കോബായ സുറിയാനി സഭക്കെതിരെ നടക്കുന്ന നീതി നിഷേധത്തിൽ പ്രതിഷേധിച്ച് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ ഉപവാസ പ്രാർത്ഥനാ യജ്ഞം ആരംഭിച്ചു. ടെൽക്ക് ചെയർമാൻ എൻ. സി. മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാജോർജ് നാരകത്തുകുടി അദ്ധ്യക്ഷത വഹിച്ചു.
കോടതി വിധിയുടെ മറവിൽ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ ഇടവകയിൽ നിന്നും ബലപ്രയോഗത്തിലൂടെ ഇറക്കി വിടുന്ന നടപടികൾക്ക് പരിഹാരം കണ്ടെത്തുവാൻ നിയമ നിർമ്മാണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ചർച്ച് ആക്ട് 2009 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ബർ യൂഹാനോൻ റമ്പാച്ചനും നിയമനിർമ്മാണത്തിനായി സത്യഗ്രഹം നടത്തിവരുന്ന മെത്രാപ്പോലിത്ത മാരായ അലക്‌സന്ത്രിയോസ് , തീമോത്തിയോസ് എന്നിവർക്കും ഇടവക പിന്തുണ അറിയിച്ചു.
സഭയുടെ അൽമായ ട്രസ്റ്റി കമാണ്ടർ ഷാജി ചുണ്ടയിൽ, ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ഫാപോൾ ഐസക്ക് കവലിയേലിൽ, സഭ വർക്കിംഗ് കമ്മറ്റി അംഗം എൽബി വർഗീസ്, ട്രസ്റ്റിമാരായ ബിജു എം വർഗീസ്, എൽദോ തരകൻ, എൻ എം. തോമസ് എന്നിവർ പ്രസംഗിച്ചു.