കോലഞ്ചേരി: സന്ധ്യമയങ്ങിയാൽ പട്ടിമറ്റത്തുകാർക്ക് പുറത്തേക്ക് ഇറങ്ങണമെങ്കിൽ ഒരു കുട കൈയിൽ കരുതണം. പെരുമഴയല്ല, പ്രദേശമാകെ ചേക്കേറിയ കാക്കകൾ കാഷ്ടക്കുന്നതാണ് കാരണം! വൈകുന്നേരങ്ങളിൽ വിവിധ ഇടങ്ങളിൽ നിന്നും കൂട്ടമായി എത്തുന്ന കാക്കകൾ പ്രദേശത്തെ മരങ്ങളിലും റമ്പർ തോട്ടത്തിലാണ് ചേക്കേറുന്നത്. കരച്ചിൽ ഒരു പരിധിവരെ ക്ഷമിക്കാമെങ്കിലും വീട്ടുമുറ്റത്ത് പോലും വാഹനമോ മറ്റോ സാധങ്ങളോ വയ്ക്കാനാവില്ല. ഇതെല്ലാം കാഷ്ടിച്ച് വൃത്തികേടാക്കുമെന്ന് നാട്ടുകാർ പറയുന്നു.

സന്ധ്യ മയങ്ങുന്നതോടെ പ്രദേശം കാക്കകളെ കൊണ്ട് നിറയും. ടൗണിനു സമീപത്തെ റബ്ബർ തോട്ടങ്ങളിൽ ഇവ ചേക്കേറുന്നത്. പുലർച്ചെയോടെ കാക്കകൾ പറന്നകലും. റബ്ബർ തോട്ടങ്ങളിൽ ഇടം കിട്ടാതായതോടെയാണ് കാക്കകൾ പ്രദേശത്തെ തെങ്ങിലും മരങ്ങളിലേക്കും വാസം മാറ്റിയത്. വൈകിട്ട് ആരംഭിക്കുന്നകാക്കക്കരച്ചിൽ അടങ്ങുമ്പോൾ രാത്രിയാകും. കാക്കകളുടെ ശല്ല്യം മൂലം പരിസരങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പോലും ബുദ്ധിമുട്ടാണ്. ഷീറ്റിട്ട് മൂടിയില്ലെങ്കിൽ കാഷ്ടിച്ച് വൃത്തികേടാക്കും. വീടിനു പുറത്ത് വസ്ത്രങ്ങൾ ഉണക്കാനിടാനോ, ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുനോ കഴിയാത്ത അവസ്ഥയാണ്. വേനൽക്കാലമാകുന്നതോടെ കാഷ്ടം പൊടിപടലമായി അന്തരീക്ഷത്തിൽ വ്യാപിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്.