മൂവാറ്റുപുഴ: പന്തക്കോട്ട് ചിറ-മൂങ്ങാച്ചാൽ ഹരിജൻ കോളനി റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 16 ലക്ഷം രൂപ ഉപയോഗിച്ചാണ് 750 കിലോ മീറ്റർ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. പന്തക്കോട്ടുചിറയുടെ സമീപത്തു നിന്ന് ആരംഭിക്കുന്ന റോഡ് നെല്ലിക്കുഴി - പായിപ്ര റോഡിലേക്ക് എത്തിചേരുന്ന ഏനാലിക്കുന്ന് - മൂങ്ങാച്ചാൽ പാതയിലാണ് വന്നുചേരുന്നത്. റോഡ് നിർമാണം പൂർത്തിയായതോടെ കോളനി നിവാസികൾക്ക് തൃക്കളത്തൂർ, കീഴില്ലം, പെരുമ്പാവൂർ മൂവാറ്റുപുഴ, കോതംഗലം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താം. കോളനി നിവാസികളുടേയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം ആറ് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചത്. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. റോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അശ്വതി ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ പി.എസ്. ഗോപകുമാർ, പായിപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ പി.എ. ബിജു എന്നിവർ സംസാരിച്ചു.
.