കൊച്ചി: അഞ്ചു മാസത്തെ അടച്ചിടിലിന് ശേഷം വീണ്ടും ട്രാക്കിലിറങ്ങാനൊരുങ്ങി കൊച്ചി മെട്രോ. തിങ്കളാഴ്ച മുതൽ കൊച്ചി മെട്രോ ഓടിത്തുടങ്ങും. കേന്ദ്രാനുമതി ലഭിക്കുമെന്ന് ഉറപ്പായതിനെ തുടർന്ന് സർവീസ് പുനരാരംഭിക്കാൻ നേരത്തെ തന്നെ കെ.എം.ആർ.എൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ആദ്യദിനം മുതൽ 20 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തും. രാവിലെ ഏഴു മുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. ആലുവ, തൈക്കൂടം സ്‌റ്റേഷനുകളിൽ നിന്നു രാത്രി എട്ടിന് അവസാന സർവീസ് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം.
മുൻകരുതൽ മുഖ്യം
കൊവിഡിനെ തുടർന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഒട്ടേറെ മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ടായിരിക്കും സർവീസ് പുനരാരംഭിക്കുക. എല്ലാ സ്‌റ്റേഷനുകളിലും 20 സെക്കന്റ് നിർത്തിയിടും. എയർ കണ്ടീഷൻ സംവിധാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കോച്ചുകൾക്കുള്ളിൽ വായു സഞ്ചാരം ക്രമീകരിക്കാനാണിത്. ആലുവയിലും തൈക്കൂട്ടത്തും യാത്ര അവസാനിപ്പിക്കുന്ന മെട്രോ ട്രെയിനുകൾ അവിടെ നിന്ന് ഉടൻ യാത്രക്കാരുമായി അടുത്ത സർവീസ് തുടങ്ങുന്ന പതിവ് തൽക്കാലമുണ്ടാകില്ല. പകരം, അഞ്ച് മിനിറ്റ് മുഴുവൻ വാതിലുകളും തുറന്ന് നിർത്തിയിടും. അതിനു ശേഷമേ യാത്ര പുറപ്പെടുകയുള്ളു.
ആഴ്ചയിൽ രണ്ടു തവണ മുട്ടത്തെ മെട്രോ യാർഡിൽ ട്രെയിനുകൾ ഫോഗിംഗ് നടത്തും.സർവീസ് നടത്തുന്ന ട്രെയിനുകൾ നാലു മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കും.ട്രെയിനിന്റെ ഉൾഭാഗവും യാത്രക്കാർ കടന്നുപോകുന്ന വഴികളും സ്റ്റെയർകേസും ലിഫ്റ്റും പ്ളാറ്റ്ഫോമിലെ കസേരകളുമെല്ലാം വൃത്തിയാക്കും.
ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 23 മുതലാണ് മെട്രോ സർവീസ് നിർത്തി വച്ചത്. ഇതിനിടെ നിർമ്മാണം പൂർത്തിയായ തൈക്കൂടം-പേട്ട പാതക്ക് സുരക്ഷാ കമ്മീഷണറുടെ അനുമതി കിട്ടിയെങ്കിലും കൊവിഡ് സാഹചര്യത്തിൽ ഉദ്ഘാടനം നടന്നില്ല.
യാത്രക്കാരുടെ തിരക്ക് കൂടുകയാണെങ്കിൽ 20 മിനിറ്റ് ഇടവേള വെട്ടിച്ചുരുക്കി കൂടുതൽ സർവീസുകൾ ഓടിക്കും
അൽക്കേഷ് കുമാർ ശർമ്മ
കെ.എം.ആർ.എൽ എം.ഡി