നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് കരാർ തൊഴിലാളികളുടെ സേവനം ഒഴിവാക്കാനാകില്ലെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. കരാർ തൊഴിലാളികൾ കുറഞ്ഞ കൂലിയിലും നിയമപരമായ സംരക്ഷണമില്ലാതെ ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ മാനേജ്‌മെന്റ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ മറവിൽ തൊഴിലാളികളെ വ്യാപകമായി പിരിച്ച് വിടുന്നത് അവസാനിപ്പിക്കുക,
ഏകപക്ഷിയമായ തൊഴിൽ വെട്ടിക്കുറക്കൽ തടയുക, അർഹമായ ബോണസ് വിതരണം ചെയ്യുക, ദീർഘകാല കരാർ പുനസംഘടിപ്പിക്കുക എന്നീ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് ആരംഭിക്കുന്ന അനശ്ചിതകാല പണിമുടക്കിന് മുന്നോടിയായുള്ള ശ്രദ്ധ ക്ഷണിക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ. ജോമി, ഷൈജോ പറമ്പി, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ്, ജനറൽ സെക്രട്ടറിമാരായ കെ.ടി. കുഞ്ഞുമോൻ, ജീമോൻ കയ്യാല, എബി കോഴിക്കാടൻ, സിജോ തച്ചപ്പിള്ളി, മുഹമ്മദ് താഹിർ എന്നിവർ സംസാരിച്ചു.