കൊച്ചി: കണ്ടംചെയ്യാൻ നിർദേശിച്ച് കൊച്ചി മേയർ ഒഴിവാക്കിയ ഔദ്യോഗികവാഹനം സ്വകാര്യവ്യക്തിക്ക് മറിച്ചുവിറ്റു. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച 2018 -19 ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
രണ്ടുവർഷം മുമ്പാണ് പുതിയ വാഹനംവാങ്ങാൻ മേയർ സൗമിനി ജെയിൻ തീരുമാനിക്കുന്നത്. പ്രീമിയംക്ലാസ് ടയോട്ട ഇന്നോവ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം ശക്തമായി എതിർത്തെങ്കിലും വാഹനം മാറാതെ കഴിയില്ലെന്ന നിലപാടിൽ മേയർ ഉറച്ചുനിന്നു. കൗൺസിൽ യോഗത്തിലും വിഷയം ചർച്ചയായി. പഴയ വാഹനം കണ്ടംചെയ്യുന്നതിനും പുതിയത് വാങ്ങുന്നതിനും അനുമതി നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. അധികം വൈകാതെ മേയർ പുതിയ വാഹനവും വാങ്ങി.
# ഫണ്ട് വകമാറ്റി ചെലവഴിച്ചു
2017-18 ജനകീയാസൂത്രണ പദ്ധതിയിലെ വികസനഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചാണ് പുതിയ വാഹനം വാങ്ങിയത്. കണ്ടം ചെയ്യുന്നതിന് തീരുമാനിച്ച വാഹനം രജിസ്‌ട്രേഷൻ റദ്ദ് ചെയ്ത് പൊളിക്കുന്നതിന് ലേലം ചെയ്ത് വിൽക്കുകയാണ് പതിവ്. അതേസമയം വാഹനത്തിന്റെ രജിസ്‌ട്രേഷൻ അതേപടി നിലനിറുത്തി മൂവാറ്റുപുഴയിലെ സ്വകാര്യവ്യക്തിക്ക് കൈമാറ്റം ചെയ്തതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി നഗരസഭയിൽ നിന്ന് ഒപ്പിട്ട് നൽകിയ ഫോറങ്ങളുടേയും മറ്റ് അനുബന്ധ രേഖകളുടേയും അടിസ്ഥാനത്തിലാണ് വാഹനവില്പന നടന്നത് .
# അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
വികസനാവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്താനാവാതെ നഗരസഭ നട്ടംതിരിയുന്ന സമയത്ത് വാഹനം വാങ്ങുന്നതിന് മേയർ വൻതുക ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.