fisheries-vehicle

ആലുവ: കിഴക്കേ കടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഫിഷറിസ് ട്രെയിനിംഗ് സെന്ററിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു. ചെറിയ അറ്റകുറ്റപ്പണിയെ തുടർന്നാണ് ഫിഷറീസ് വകുപ്പിന്റെ ടെമ്പോ ട്രാവലർ കയറ്റിയിട്ടിരിക്കുന്നത്. എന്നാൽ തകരാർ പരിഹരിച്ച് വീണ്ടും നിരത്തിലറക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കരാർ അടിസ്ഥാനത്തിൽ വാഹനം ഓടിക്കുന്നവരെ സഹായിക്കാനാണ് വാഹനം അറ്റകുറ്റപ്പണി നടത്താത്തതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. ട്രെയിനിംഗ് സെന്ററിൽ പരിശീലനം നൽകുന്നവർക്ക് വിവിധ സ്ഥലങ്ങളിലെ മത്സ്യ വളർത്തു കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് ട്രാവലർ പ്രധാനമായും ഉപയോഗിച്ചിരുന്നത്. വാഹന വാടക ഇനത്തിൽ ലക്ഷങ്ങളാണ് ഇപ്പോൾ ചിലവഴിക്കുന്നത്. വാടകക്ക് വാഹനം ഓടിക്കുന്നതിന്റെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് കടുങ്ങല്ലൂർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് പരാതി നൽകി. ഫിഷറിസിന്റെ ഉടമസ്ഥതയിലുള്ള വാഹനം അടിയന്തിരമായി അറ്റകുറ്റപണി നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.