ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ കരിദിനം ആചരിച്ച സി.പി.എം നടപടി ശ്രീനാരായണീയരോടുള്ള വെല്ലുവിളിയാണെന്ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ പറഞ്ഞു. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തത് ഗുരുദേവനോടുള്ള അനാദരവും ഈഴവ സമുദായത്തോടുള്ള വെല്ലുവിളിയുമാണ്. മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവാഹകനായ ഗുരുവിന്റെ ജന്മദിനം എന്തിന്റെ പേരിലായാലും കരിദിനമായി ആചരിക്കുന്നത് പ്രതിഷേധാർഹമാണ്. കൊലപാതകം ആര് ചെയ്താലും എതിർക്കപ്പെടേണ്ടതും കുറ്റവാളികളെ ശിക്ഷിക്കേണ്ടതുമാണ്. പക്ഷെ ഇതിന്റെ പേരിൽ ഗുരുദേവ ജയന്തി കരിദിനമായി ആചരിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും സ്വാമിനാഥൻ പറഞ്ഞു.