ആലുവ: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഇടുക്കി ബൈസൻവാലി വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പാണ് (32) അറസ്റ്റിലായത്. ആലുവ ചൂണ്ടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും കുറുപ്പംപടി പൊലീസാണ് ഇയാളെ പിടികൂടിയത്. ഫെഡറൽ ബാങ്ക് കുറുപ്പംപടി ശാഖയിൽ ജൂണിൽ 30 ഗ്രാം തൂക്കം വരുന്ന ബ്രേസ്‌ലറ്റ് പണയം വയ്ക്കാൻ ഇയാൾ എത്തിയിരുന്നു. ബാങ്ക് അധികൃതർ ഐ.ഡി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടതോടെ അവിടെ നിന്നും രക്ഷപ്പെട്ടു. സംശയം തോന്നിയ ബാങ്ക് അധികൃതർ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ചൂണ്ടിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. മുക്കുപണ്ടം പണയം വച്ചത് പണം തട്ടിയതിന് 2016 മുതൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ പ്രതിയാണ് ബോബി. പണയം വയ്ക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ആഭരണമാണ് ഇയാൾ കൊണ്ടുവരുന്നത്. ഇത് മുക്കുപണ്ടമാണെന്ന് എളുപ്പം കണ്ടെത്താൻ കഴിയില്ല. പ്രൈവറ്റ് ബാങ്കുകളിലാണ് സ്വർണം പണയം വയ്ക്കാൻ തിരഞ്ഞെടുക്കുന്നത്. പെരുമ്പാവൂർ ഡിവൈ.എസ്.പി ബിജു മോൻ, കുറുപ്പംപടി സി.ഐ കെ.ആർ. മനോജ്, എസ്.ഐ സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനോയി, സി.പി.ഒ മാരായ മാഹിൻഷാ, സജിൽ, അജാസ് എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.