hindu-aikya-vedi
വാമനാവതാരത്തെ പറ്റി വിവാദ പരാമർശം നടത്തിയ ഹൈബി ഈഡൻ എം പി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജോർജ് ഈഡൻ റോഡിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ആർവി ബാബു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: എല്ലാ മതവിഭാഗങ്ങളേയും ഒരു പോലെ കാണേണ്ട ജനപ്രതിനിധികൾ ഹൈന്ദവ ജനതയുടെ വിശ്വാസങ്ങളെ അവഹേളിച്ചതിൽ മാപ്പ് പറയണമെന്നും ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തിയെ അവഹേളിക്കുന്നതിൽ ക്രൈസ്തവ സഭ നിലപാട് വ്യക്തമാക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി .ബാബു ആവശ്യപ്പെട്ടു .വാമനനെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈബി ഈഡൻ എം.പിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മന്ത്രി തോമസ് ഐസക് ,ഹൈബി ഈഡൻ ,സിസ്റ്റർ ദിവ്യ തുടങ്ങിയ കത്തോലിക്ക സഭാംഗങ്ങളാണ് ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ കെ.സുന്ദരം ,എ .ബി .ബിജു ,സി .ജി.രാജഗോപാൽ ,കെ .എസ് . ശിവദാസ് ,ടി.വാസുദേവക്കുറുപ്പ് ,ടി..എം.അനിൽകുമാർ, ടി. ബാലചന്ദ്രൻ , പി.ജി.മനോജ്കുമാർ, രാജേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി .ദേശാഭിമാനി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് എം.പിയുടെ വസതിയുടെ മുന്നിൽ വച്ച് പൊലീസ് തടഞ്ഞു .

# ആരോപണം നിഷേധിച്ച്

ഹൈബി ഈഡൻ എം.പി

മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തിയെ അവഹേളിക്കുന്ന രീതിയിൽ താൻ ട്വീറ്റ് ചെയ്തുവെന്ന സംഘപരിവാറിന്റെ പ്രചരണം അടിസ്ഥാനരഹിതമാണ്. ട്വീറ്റ് വായിച്ചു നോക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മഹാവിഷ്ണുവെന്നോ വാമന മൂർത്തിയെന്നോ ഉള്ള വാക്കുകൾ ടീറ്റിലില്ല.

കേരളത്തിന്റെ തനിമയും സ്വത്വവും നിലനിർത്തുന്ന ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യത്തെയും കേരളീയ സംസ്‌കാരത്തെയും കുറിച്ചുമാണ് ടീറ്റിൽ പറയുന്നത്.. ഹൈന്ദവവിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പരാമർശവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്ന് വർഗീയ പ്രചരണം നടത്താൻ കയറുമെടുത്ത് ഓടുന്നവർ തിരിച്ചറിയണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.