നെടുമ്പാശേരി: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ഓൺലൈൻ മുഖേന സംഘടിപ്പിച്ച് എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ആറിൽ അധികം ആളുകൾക്ക് ഒരേ സമയം പങ്കെടുക്കാൻ കഴിയാത്തതിനാലാണ് സൂം ആപ്പ് മുഖേന എല്ലാ ശാഖാംഗങ്ങൾക്കും ജയന്തിയാഘോഷത്തിൽ പങ്കെടുക്കാൻ ശാഖ ഭാരവാഹികൾ അവസരമൊരുക്കിയത്. 210 കുടുംബം അംഗങ്ങളുള്ള ശാഖയാണിത്. എല്ലാ വർഷവും ജയന്തിക്ക് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്. നൂറ് കണക്കിന് ആളുകൾ പങ്കാളികളാകാറുണ്ട്. രാവിലെ എട്ടിന് നെടുമ്പാശേരി ദുർഗാദേവി ക്ഷേത്രം മേൽശാന്തി സുജിത്ത് ശാന്തിയുടെ നേതൃത്വത്തിൽ ശാഖയിൽ ഗുരുദേവ ജയന്തി പൂജകളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങുൾ ആരംഭിക്കുന്നതിന് മുമ്പേ എല്ലാ ശാഖാംഗങ്ങൾക്കും സൂം ആപ്പിന്റെ ലിങ്ക് അയച്ച് നൽകിയിരുന്നു. നിരവധിയാളുകൾ ഗുരുപൂജ ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കാളികളായി.
പ്രസിഡന്റ് എം.ആർ. രാമകൃഷ്ണൻ, സെക്രട്ടറി പി.എൻ. വിജയൻ, മുൻ പ്രസിഡന്റ് ശിവദാസ് എന്നിവർ നേതൃത്വം നൽകി.