കൊച്ചി: പള്ളികൾ ഏറ്റെടുക്കുന്നതിലും സഭയ്ക്ക് നീതി നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് യാക്കോബായസഭ പുത്തൻകുരിശിലെ ആസ്ഥാനത്ത് ഇന്നു മുതൽ അഞ്ചുവരെ റിലേ നിരാഹാരസത്യാഗ്രഹം നടത്തും. ഒമ്പതുമുതൽ 11 വരെ ഭദ്രാസനങ്ങളിലും സത്യാഗ്രഹം സംഘടിപ്പിക്കും.

ഇന്നു രാവിലെ പത്തിന് നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് കുറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സഭാ ഭാരവാഹികളായ സ്ളീബപോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, കമാൻഡർ സി.കെ. ഷാജി ചൂണ്ടയിൽ, സഭാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡാനിയൽ തട്ടാറയിൽ, അഡ്വ.കെ.ഒ. ഏലിയാസ്, എൽബി വർഗീസ് എന്നിവർ ഇന്ന് ഉപവസിക്കും.

ഈമാസം ഒമ്പതുമുതൽ 11 വരെ ഭദ്രാസനങ്ങളിൽ നടക്കുന്ന ഉപവാസത്തിൽ ഭദ്രാസന ഭരണാധികാരികളും സംഘടനാ ഭാരവാഹികളും ഉപവസിക്കും. 13 മുതൽ ഒരാഴ്ച എല്ലാ ഇടവകകളിലും വിശ്വാസികൾ ഉപവസിക്കും.

സഭയ്ക്ക് നീതി ലഭ്യമാക്കുക, പള്ളി കൈയേറ്റം തടയുക, ആരാധനാസ്വാതന്ത്ര്യം അനുവദിക്കുക, സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം പള്ളികൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസമെന്ന് സഭാ വൈദികട്രസ്റ്റി സ്ളീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ അറിയിച്ചു.