കൊച്ചി : അവശത അനുഭവിക്കുന്ന ക്ഷേത്രകലാകാരന്മാർക്ക് സർക്കാരും ദേവസ്വങ്ങളും സഹായങ്ങൾ നൽകണമെന്ന് മുൻ കേന്ദ്ര മന്ത്രി പി. സി. തോമസ് ആവശ്യപ്പെട്ടു. 60 -ാം പിറന്നാൾ ആഘോഷിക്കുന്ന ചാക്യാർകൂത്ത് കലാകാരൻ കലാമണ്ഡലം മാണി വാസുദേവ ചാക്യാരെ വെബ് മീറ്റിംഗിലൂടെ ആദരിച്ച ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അതുല്യകലാകാരനായ മാണി വാസുദേവ ചാക്യാർക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിച്ചോയെന്ന് പരിശോധിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത റോജി. എം. ജോൺ എം.എൽ.എ പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി കൂത്തും അനുബന്ധ ക്ഷേത്രകലകളും വിഷയമാക്കി സെമിനാറുകളും വെബിനാറുകളും സംഘടിപ്പിക്കുമെന്ന് ആഘോഷസമിതി കൺവീനർ ഡോ. ദിനേശ് കർത്ത പറഞ്ഞു. ആകാശവാണി മുൻ ഡയറക്ടർ ബാലകൃഷ്‌ണൻ കൊയ്യാൽ മുഖ്യാതിഥിയായിരുന്നു.

മലയാളം സർവകലാശാല മുൻ വി.സി. ഡോ. കെ. ജയകുമാർ, പൂയം തിരുനാൾ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി, കഥകളി കലാകാരൻ സദനം കൃഷ‌്‌ണൻകുട്ടി, ശ്രീദേവി നങ്ങ്യാരമ്മ, കലാമണ്ഡലം ശിവൻ നമ്പൂതിരി, ഡോ. കൃഷ്‌ണകുമാർ തൃശൂർ, അഡ്വ. രഞ്ജിനി സുരേഷ്, ബേബി മുണ്ടാടൻ തുടങ്ങിയവർ ആശംസനേർന്നു.